X

‘ഈ വിജയം ഒരു വ്യക്തിയുടെ വിജയമല്ല. കൂട്ടായ പരിശ്രമത്തിന്റെ വിജയമാണ്’; കൂടെ നിന്നവര്‍ക്ക് നന്ദി രേഖപ്പെടുത്തി ഹാദിയ

കൊല്ലം: ഹാദിയ കേസില്‍ എന്‍.ഐ.എ അന്വേഷണം അവസാനിപ്പിച്ച സാഹചര്യത്തില്‍ പ്രതികരണവുമായി ഹാദിയ രംഗത്ത്. ഫേസ്ബുക്കിലെഴുതിയ പോസ്റ്റില്‍ കൂടെ നിന്നവര്‍ക്ക് ഹാദിയ നന്ദി രേഖപ്പെടുത്തി. തനിക്ക് ശരി എന്ന് തോന്നിയ വഴിയാണ് തെരഞ്ഞെടുത്തതെന്നും പൗരയെന്ന നിലയില്‍ ആശ്വാസവും പ്രതീക്ഷയും നല്‍കേണ്ട എല്ലാ കേന്ദ്രങ്ങളും നിരാശപ്പെടുത്തിയെന്നും ഹാദിയ പറഞ്ഞു.

കൂടെ നിന്ന് സഹായിച്ചവരും പ്രാര്‍ത്ഥിച്ചവരുമുണ്ട്. അവരോട് താന്‍ ഒരിക്കല്‍കൂടി കടപ്പാട് അറിയിക്കുകയാണ്. മുസ്ലിമായതിന്റെ പേരില്‍ മാത്രമാണ് തനിക്കിതൊക്കെ അനുഭവിക്കേണ്ടി വന്നത്. പക്ഷേ എല്ലാം തരണം ചെയ്യാന്‍ കരുത്തും ഊര്‍ജ്ജവും ആയത് തന്റെ വിശ്വാസമായിരുന്നുവെന്ന് ഹാദിയ പറഞ്ഞു. ഹാദിയ അശോകന്‍ എന്ന പേരിലുള്ള പേജിലൂടെയാണ് ഹാദിയയുടെ പ്രതികരണം.

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് തെളിവില്ലെന്ന് വ്യക്തമായതോടെ ഹാദിയാ കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി തീരുമാനിക്കുകയായിരുന്നു. ഷെഫിന്‍ ജഹാന്‍ഹാദിയ വിവാഹത്തില്‍ ലൗ ജിഹാദില്ലെന്നും, ഇത് സംബന്ധിച്ച് കോടതിയില്‍ റിപ്പോര്‍ട്ടുകളൊന്നും സമര്‍പ്പിക്കുന്നില്ലെന്നും എന്‍ഐഎ വ്യക്തമാക്കി. മതം മാറി വിവാഹം ചെയ്തതിന് സംസ്ഥാന സര്‍ക്കാര്‍ കൈമാറിയ 11 കേസുകളിലും എന്‍ഐഎ അന്വേഷണം അവസാനിപ്പിച്ചു.

ഇത്തരത്തില്‍ 89 വിവാഹങ്ങള്‍ നടന്നതില്‍ നിന്നും 11 എണ്ണമാണ് ദേശീയ അന്വേഷണ ഏജന്‍സിക്ക് സംസ്ഥാന സര്‍ക്കാര്‍ കൈമാറിയിരുന്നത്. ഹാദിയ ഷെഫിന്‍ ജഹാന്‍ വിവാഹത്തില്‍ ലൗ ജിഹാദിന്റെയോ, നിര്‍ബന്ധപൂര്‍വ്വമുളള മതപരിവര്‍ത്തനത്തിന്റെ ഇടപെടലോ, തീവ്രവാദ ബന്ധത്തിന്റെയോ പ്രശ്‌നമില്ലെന്നും എന്‍ഐഎ ചൂണ്ടിക്കാട്ടി. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ടവര്‍ ഇത്തരം മതപരിവര്‍ത്തന വിവാഹത്തിന് സഹായിച്ചതായി കണ്ടെത്തിയെങ്കിലും അത് നിര്‍ബന്ധിത മതപരിവര്‍ത്തനമായിരുന്നുവെന്നതിന് തെളിവില്ലെന്നും എന്‍ഐഎ വ്യക്തമാക്കി.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

എനിക്ക് ശരി എന്ന് തോന്നിയ വഴി ഞാന്‍ തെരഞ്ഞെടുത്തപ്പോള്‍ ഒരു ഇന്ത്യന്‍ പൗരയെന്ന നിലയില്‍ ആശ്വാസവും പ്രതീക്ഷയും ആകേണ്ട എല്ലാ കേന്ദ്രങ്ങളും നിരാശയാണ് എനിക്ക് നല്‍കിയത്. ഭരണപക്ഷവും പ്രതിപക്ഷവും ജുഡീഷ്യറിയും അന്വേഷണ ഉദ്യോഗസ്ഥരും മറ്റു സര്‍ക്കാര്‍ ഏജന്‍സികളും എന്നെ പ്രതിസ്ഥാനത്ത് നിര്‍ത്തി. അവര്‍ എന്നെ കുറ്റവാളിയും മാനസിക രോഗിയുമാക്കി വിധിയെഴുതി.

അപ്പോഴൊക്കെ എന്റെ ശരിയോടൊപ്പം നില്‍ക്കുകയും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും എനിക്ക് വേണ്ടി ത്യാഗം സഹിക്കുകയും നിയമപോരാട്ടത്തിനായി സാമ്പത്തികമായി സഹായിക്കുകയും ചെയ്ത നിരവധി പേരുണ്ട്. എല്ലാവരോടും ഒരിക്കല്‍ കൂടി എന്റെ കടപ്പാട് അറിയിക്കുന്നു.

ഒരു സാധാരണക്കാരിയായ എന്നെ സംബന്ധിച്ച് പോലീസ്, കോടതി, ജഡ്ജി, ഹൈക്കോടതി, സുപ്രീം കോടതി ഇതൊക്കെ എനിക്ക് അപരിചിതമായിരുന്നു. എന്റെ ജീവിതത്തില്‍ ഞാനൊരു നിലപാട് സ്വീകരിച്ചപ്പോള്‍ ഇതൊക്കെ എനിക്ക് പരിജയപ്പെടേണ്ടി വന്നു. എനിക്ക് ഉറപ്പാണ്. മുസ്ലിമായതിന്റെ പേരില്‍ മാത്രമാണ് എനിക്കിതൊക്കെ അനുഭവിക്കേണ്ടി വന്നത്.

പക്ഷെ എല്ലാം തരണം ചെയ്യാന്‍ എനിക്ക് കരുത്തും ഊര്‍ജ്ജവും ആയത് എന്റെ വിശ്വാസമായിരുന്നു. എന്റെ റബ്ബ് എന്നെ കൈ വിടില്ല എന്ന വിശ്വാസം. നിലപാട് ശരിയാവുകയും അതില്‍ വെള്ളം ചേര്‍ക്കാതെ ഉറച്ച് നില്‍ക്കുകയും ചെയ്താല്‍ വിജയിപ്പിക്കല്‍ റബ്ബ് ബാധ്യതയായി ഏറ്റെടുക്കുമെന്ന വിശ്വാസം ഒരിക്കല്‍ കൂടി യാഥാര്‍ത്ഥ്യമായിരിക്കുന്നു. ഈ വിജയം ഒരു വ്യക്തിയുടെ വിജയമല്ല. കൂട്ടായ പരിശ്രമത്തിന്റെ വിജയമാണ്.

എന്നോടൊപ്പം നില്‍ക്കുകയും എന്റെ നീതിക്കായി പോരാടുകയും ചെയ്ത പലരെയും ഒരു കാരണവുമില്ലാതെ വേട്ടയാടി. ഞാന്‍ ഒരിക്കല്‍പോലും കണ്ടിട്ടില്ലാത്തവരാണ് എന്റെ നീതിക്ക് വേണ്ടി ശബ്ദിക്കാന്‍ ഉണ്ടായതെന്നത് നീതിക്കൊപ്പം നില്‍ക്കാനുള്ള എന്റെ സഹോദരീ സഹോദരന്മാരുടെ സത്യസന്ധതയാണ് ബോധ്യപ്പെടുത്തുന്നത്. അല്ലാഹു കൂടെയുണ്ടാവുമെന്ന വിശ്വാസം ഉള്ളിടത്തോളം മറ്റൊന്നിനെയും ഭയപ്പെടേണ്ടതില്ല. എല്ലാത്തിനും കഴിവുള്ളവനാണ് എന്റെ റബ്ബ്.

ഹാദിയ അശോകന്‍

chandrika: