X
    Categories: MoreViews

ഹാദിയക്ക് നീതി ഉറപ്പാക്കണം: കെപിഎ മജീദ്

കോഴിക്കോട്: പ്രായം തികഞ്ഞ അഭ്യസ്ഥവിദ്യയായ യുവതി ഇഷ്ടപ്പെട്ട പുരുഷനുമായി വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടുന്നത് തടഞ്ഞ ഹൈക്കോടതി വിധി സ്വാഭാവിക നീതി നിഷേധിക്കുന്നതാണെന്ന നിയമ വിദഗ്ദരുടെ അഭിപ്രായം ഗൗരവമര്‍ഹിക്കുന്നതാണെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സ്വന്തം ഇഷ്ടപ്രകാരം മതം മാറി എന്നതുകൊണ്ട് വിവാഹവും ഇഷ്ട പുരുഷനൊപ്പം ജീവിക്കാനുള്ള പൗരാവകാശവും നിഷേധിച്ചത് കേട്ടുകേള്‍വിയില്ലാത്തതാണ്. എല്ലാ നിയമവും കീഴ്‌വഴക്കവും ലംഘിച്ച് 23 കാരിയായ ഹാദിയയെ വീട്ടു തടങ്കലിലാക്കുമ്പോള്‍ രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസമാണ് സംശയത്തിന്റെ മുള്‍മുനയിലാവുന്നത്.
യുവതിയെ കാണാനില്ലെന്ന ഹേബിയസ് കോര്‍പ്പസ് കേസ് നടന്നുകൊണ്ടിരിക്കെയാണ് വിവാഹം നടന്നതെന്ന് പരാമര്‍ശിച്ച കോടതി രക്ഷിതാവില്ലാതെ വിവാഹം സാധുവല്ലെന്ന് രാജ്യത്തെ നിയമ വ്യവസ്ഥതക്ക് പുത്തന്‍ വ്യാഖ്യാനം ചമക്കുകയായിരുന്നു. മക്കളും ഭര്‍ത്താവുമൊന്നിച്ച് ജീവിക്കുന്ന സ്ത്രീയെ ഇഷ്ട കാമുകനൊപ്പം ജീവിക്കാന്‍ വിടുന്ന കോടതികള്‍ക്കാണോ ഹാദിയ സംഭവത്തില്‍ ഹൈക്കോടതിയിലെ പുതിയ വിധി പുറപ്പെടുവിച്ചവര്‍ക്കാണോ തെറ്റിയതെന്ന് വ്യക്തതവരുത്തേണ്ടതുണ്ട്.
മേല്‍ക്കോടതിയില്‍ അപ്പീലിന് പോവാനുള്ള അവസരത്തിന് പോലും കാത്തു നില്‍ക്കാതെ, ഹാദിയയെ ഹോസ്റ്റലില്‍ നിന്ന് വീട്ടിലെത്തിക്കണമെന്ന അപൂര്‍വ്വ വിധി നടപ്പാക്കാന്‍ പൊലീസ് കാണിച്ച തിടുക്കവും സുശ്കാന്തിയും സംശയാസ്പദമാണ്. പ്രായപൂര്‍ത്തിയായ പൗരക്ക് ഇഷ്ടമുള്ള സ്ഥലത്ത് താമസിക്കാനുള്ള അവകാശം നിഷേധിക്കുമ്പോള്‍ നിയമ വാഴ്ചയുടെ വ്യാഖ്യാനം പൊളിച്ചെഴുതേണ്ടി വരുമെന്ന ആശങ്കയാണുയരുന്നത്. മതത്തിന്റെയും ജാതിയുടേയും സ്ത്രീപുരുഷ വ്യത്യാസത്തിന്റെയും പേരില്‍ നിയമവും നീതിയും കൈകാര്യം ചെയ്യുന്നത് ആശങ്കാജനകമാണ്.
ഹാദിയക്ക് നീതി ഉറപ്പാക്കാന്‍ ഹൈക്കോടതി ഉത്തരവില്‍ വ്യക്തതതേടി മേല്‍ക്കോടതിയെ സമീപിക്കുകയാണ് പോംവഴി. ഒരു യുവതിയുടെ മനുഷ്യാവകാശ പ്രശ്‌നത്തെ സര്‍ക്കാര്‍ അര്‍ഹിക്കുന്ന പരിഗണനയിലെടുക്കണം. ഹാദിയക്ക് സ്വാഭാവിക നീതി ഉറപ്പാക്കണമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.

chandrika: