ഹാക്കിങ്ങിലൂടെ നേടിയ പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കുകയാണ് ഡാര്‍ക്ക്‌സൈഡ് ഹാക്കേഴ്‌സ് എന്ന ഹാക്കര്‍ സംഘം. രണ്ട് ജീവകാരുണ്യ സംഘടനകള്‍ക്ക് 10,000 ഡോളര്‍ നല്‍കിയതിന്റെ രേഖകളാണ് ഇവര്‍ പരസ്യമാക്കിയിരിക്കുന്നത്.
ഒക്ടോബര്‍ 13ന് പ്രസിദ്ധീകരിച്ച ബ്ലോഗ് പോസ്റ്റിലാണ് ഡാര്‍ക്ക്‌സൈഡ് ഹാക്കേഴ്‌സ് തങ്ങളുടെ ‘ദാന’ത്തെക്കുറിച്ച് വാചാലമായിരിക്കുന്നത്. വമ്പന്‍ കമ്പനികളില്‍ നിന്നു മാത്രമാണ് തങ്ങള്‍ പണം തട്ടുന്നതെന്ന ന്യായമാണ് അവര്‍ നിരത്തുന്നത്. ‘കമ്പനികള്‍ നല്‍കേണ്ട പണം ഞങ്ങള്‍ എടുത്ത് അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കുകയാണ്. അത് ന്യായമാണ്. ചില ജീവിതങ്ങളെങ്കിലും മാറ്റാന്‍ ഞങ്ങള്‍ക്കാകും. ആദ്യ സംഭാവനകള്‍ ഞങ്ങള്‍ നല്‍കി കഴിഞ്ഞു’ എന്നാണ് ഹാക്കര്‍മാര്‍ ബ്ലോഗ് പോസ്റ്റില്‍ പറയുന്നത്.
ചില്‍ഡ്രന്‍ ഇന്‍ര്‍നാഷണല്‍ എന്ന ജീവകാരുണ്യ സംഘടനകള്‍ക്കാണ് ഇവര്‍ സംഭാവന നല്‍കിയിരിക്കുന്നത്. ഇന്ത്യക്ക് പുറമേ ഫിലിപ്പീന്‍സ്, കൊളംബിയ, ഇക്വഡോര്‍, സാംബിയ, ഡൊമിനിക്കന്‍ റിപ്പബ്ലിക്, ഗ്വാട്ടിമാല, ഹോണ്ടുറാസ്, മെക്‌സിക്കോ, അമേരിക്ക എന്നീ രാജ്യങ്ങളിലെ കുട്ടികളേയും കുടുംബങ്ങളേയും സഹായിക്കുകയെന്ന ലക്ഷ്യത്തിലാണ് ചില്‍ഡ്രന്‍ ഇന്റര്‍നാഷണലിന്റെ പ്രവര്‍ത്തനം. എന്നാല്‍ ഈ സംഭാവന ഏതെങ്കിലും ഹാക്കര്‍മാരുമായി ബന്ധമുള്ളതാണെങ്കില്‍ തങ്ങള്‍ സ്വീകരിക്കില്ലെന്ന ചില്‍ഡ്രന്‍ ഇന്റര്‍നാഷണല്‍ വക്താവ് വ്യക്തമാക്കുകകയും ചെയ്തിട്ടുണ്ട്.
അധികകാലമായിട്ടില്ല ഡാര്‍ക്ക്‌സൈഡ് ഹാക്കേഴ്‌സ് എന്ന സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നു തുടങ്ങിയിട്ട്. എന്നാല്‍ ഇവരുമായി ബന്ധപ്പെട്ട് ബിറ്റ് കോയിനുകള്‍ പോലുള്ള ക്രിപ്‌റ്റോ കറന്‍സി വിനിമയങ്ങള്‍ നടക്കുന്നുണ്ടെന്നും സൈബര്‍ സുരക്ഷാ വിദഗ്ധര്‍ പറയുന്നുണ്ട്.