പ്രകൃതിയുടെ ആവാസ വ്യവസ്ഥകളെ പരിഗണിച്ചും സംരക്ഷിച്ചും ജീവിക്കാന്‍ മനുഷ്യന്‍ ശ്രമിക്കണമെന്നും, അല്ലാത്തപക്ഷം ഇനിയും ദുരന്തങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുമെന്നും മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ആവാസ വ്യവസ്ഥയിലെ കടന്നു കയറ്റമാണ് ഇന്നത്തെ എല്ലാ ദുരന്തങ്ങള്‍ക്കും കാരണം. മുസ്‌ലിംലീഗ് പരിസ്ഥിതി സംരക്ഷണ സമിതിയുടെ സംസ്ഥാന ദ്വിദിന എക്‌സിക്യൂട്ടീവ് ക്യാമ്പ് ‘ഹരിതകം 2024 ‘ വയനാട് മാനന്തവാടി മോറിമലയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതിയുടെ നശീകരണത്തിന് കാരണക്കാരന്‍ മനുഷ്യനാണെന്നകാര്യം നമ്മെ ഓര്‍മ്മപ്പെടുത്തുകയായിരുന്നു കഴിഞ്ഞ കോവിഡ്കാലം. കഴിഞ്ഞ കോവിഡ് കാലത്ത് മനുഷ്യന്‍ വീട്ടില്‍ ഒതുങ്ങിയിരുന്നപ്പോള്‍ വായു, വെള്ളം എന്നിവ വളരെ ശുദ്ധം ആയിരുന്നു എന്ന് കാണാന്‍ കഴിഞ്ഞു. പ്രകൃതിയോട് മനുഷ്യന്‍ ഈ ക്രൂരതകള്‍ ഇനിയും തുടര്‍ന്നാല്‍ ഓക്‌സിജന്‍ പാര്‍ലറുകളുടെ കാലഘട്ടം വൈകാതെ കടന്നുവരുമെന്നും തങ്ങള്‍ ഓര്‍മ്മപ്പെടുത്തി.
സംസ്ഥാന ജനറല്‍ കണ്‍വീനര്‍ സലിം കുരുവമ്പലം അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഓണ്‍ലൈനിലൂടെ മുഖ്യാഥിതിയായി സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ സലാം മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി സി മമ്മൂട്ടി, വയനാട് ജില്ല പ്രസിഡണ്ട് കെ കെ അഹമ്മദ് ഹാജി,ജനറല്‍ സെക്രട്ടറി ടി മുഹമ്മദ്, അന്‍വര്‍ മുള്ളമ്പാറ, റസാഖ് കല്‍പ്പറ്റ, ഹാരിസ് പടിഞ്ഞാറത്തറ, ബഷീര്‍ പടിഞ്ഞാറത്തറ, സിപി മൊയ്തു ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. പരിസ്ഥി സംരക്ഷണ സമിതി ചെയര്‍മാന്‍ കെ.കുട്ടി അഹമദ്കുട്ടിയുടെ സന്ദേശം വായിച്ചു.
മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വ. കെ.എന്‍.എ ഖാദര്‍, ദേശീയ പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നുള്ള ഗൗതം മഹ്‌റ, പ്രിയങ്ക പര്‍വാള്‍, ഡോ: കെ എന്‍ അജോയ് കുമാര്‍, ഡോ: എ.കെ അബ്ദുസ്സലാം, ടീ സലീം, ഫൈസല്‍ കുന്നംപറമ്പില്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. എ എം അബൂബക്കര്‍ സ്വാഗതവും കോര്‍ഡിനേറ്റര്‍ ടി കെ അബ്ദുല്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും പങ്കെടുത്ത പ്രതിനിധികള്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. രണ്ട് ദിവസങ്ങളിലായി നടന്ന കേമ്പ് ഭാവി കര്‍മ്മ പരിപാടികള്‍ക്ക് രൂപം നല്‍കി.