മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെയും കമ്മീഷണര്‍മാരെയും തെരഞ്ഞെടുക്കാന്‍ പ്രത്യേകസമിതി രൂപീകരിക്കണമെന്ന സുപ്രീംകോടതിയുടെ വിധി ജനാധിപത്യത്തിന് ജീവശ്വാസം നല്‍കുന്നതായി. ഇന്ന് ഉച്ചയോടെയാണ് ജസ്റ്റിസുമാരായ അജയ് റസ്‌തോഗിയും സി.ടി രവികുമാറും ഋഷികേശ് റോയും അനിരുദ്ധ ബോസും വിധി പ്രസ്താവിച്ചത്. രാജ്യത്തെ ഭരണകൂടം തെര.കമ്മീഷനെ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന പരാതിപ്രളയത്തിനിടെയാണ് സുപ്രധാനമായ ഈ വിധി പ്രസ്താവം ഉണ്ടായിരിക്കുന്നത്.
അടുത്തിടെ പോലും മഹാരാഷ്ട്രയിലെ ശിവസേനയുടെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ തെര.കമ്മീഷന്റെ ഏകപക്ഷീയ നിലപാട് വിവാദത്തിനിടയാക്കിയിരുന്നു. ഷിന്‍ഡെ വിഭാഗത്തിന് മാത്രമായി ശിവസേനയുടെ കൊടിയും ചിഹ്നവും അനുമതി നല്‍കിയതാണ് വിവാദമായത്. ഇതിനായി 2000 കോടി രൂപ തെര.കമ്മീഷന് കേന്ദ്രസര്‍ക്കാര്‍ കോഴ നല്‍കിയെന്നായിരുന്നു ഉദ്ദവ് താക്കറെയുടെ ആരോപണം.
വിവിധ തെരഞ്ഞെടുപ്പുകളില്‍ പെരുമാട്ടച്ചട്ടം ലംഘിച്ച് പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവര്‍ പ്രസംഗിക്കുന്നതും തെര.തീയതികള്‍ ഭരണകക്ഷിക്ക് അനുകൂലമാകുന്ന രീതിയില്‍ നിശ്ചയിക്കുന്നതും വിവാദത്തിനിടയാക്കിയിരുന്നു. ഇന്നത്തെ വിധിയോടെ ഇതിനെല്ലാം മാറ്റമുണ്ടാകുമെന്നാണ ്പ്രതീക്ഷിക്കപ്പെടുന്നത്.
രാജ്യത്ത് ഇതുവരെ അതാത് ഭരണകൂടങ്ങളാണ് സീനിയോരിറ്റി അടിസ്ഥാനത്തില്‍ തെര.കമ്മീഷണര്‍മാരെ നിശ്ചയിച്ചിരുന്നത്. പലപ്പോഴും സീനിയോരിറ്റി ലംഘിക്കപ്പെട്ടതായും ആരോപണമുയര്‍ന്നിരുന്നു. പ്രധാനമന്ത്രിക്കും ഭരണകക്ഷിക്കുമായിരുന്നു ഇക്കാര്യത്തില്‍ മേല്‍ക്കൈ. എന്നാല്‍ പുതിയ സംവിധാനം വരുന്നതോടെ പ്രതിപക്ഷത്തിനും ഇതില്‍ വലിയ പങ്കാളിത്തം വരികയാണ്. രാഷ്ട്രപതിക്കാണ് ഇവരുടെ ശുപാര്‍ശയില്‍ കമ്മീഷണര്‍മാരെ നിയമിക്കാനുള്ള അധികാരം. നീതിന്യായസംവിധാനത്തിലെ പ്രമുഖമായ മുഖ്യന്യായാധിപനും കൂടി അടങ്ങുന്ന സമിതിയെയാണ് ഇന്നലത്തെ വിധിയിലൂടെ കോടതി ചുമതലപ്പെടുത്തിയിരിക്കുന്നത്. പുതിയ നിയമം ഇതിനായി രൂപീകരിക്കണമെന്ന് കോടതി ശുപാര്‍ശ ചെയ്യുകയും ചെയ്തിട്ടുണ്ട്. സുപ്രീംകോടതിയുടെവിധി രാജ്യത്തെ നിയമമാണെന്നിരിക്കെ ഇതിന്റെ സത്തക്കെതിരായി ഇനി സര്‍ക്കാരിന് നിയമം നിര്‍മിക്കാനുമാവില്ല.ജസ്റ്റിസ് കെ.എം ജോസഫാണ് ബെഞ്ചിന് നേതൃത്വം നല്‍കിയത്. രണ്ടുദിവസം മുമ്പ് സംഘപരിവാറിനെ പൊളിച്ചടുക്കി ഹിന്ദുമതത്തിന്റെ മൂല്യങ്ങളെക്കുറിച്ച് ഓര്‍മിപ്പിച്ചതും ജസ്റ്റിസ് ജോസഫും നാഗരത്‌നയുമായിരുന്നു. പ്രതിപക്ഷനേതാവില്ലെങ്കില്‍ ലോക്‌സഭയിലെ ഏറ്റവും വലിയ കക്ഷിയുടെ നേതാവായിരിക്കണം പകരമെന്ന് വിധിയും ബി.ജെ.പിയുടെ ഏകാധിപത്യശൈലിക്കുള്ള തിരിച്ചടിയാണ്.
വാസ്തവത്തില്‍ ഇന്ത്യയുടെ നീതിന്യായസംവിധാനത്തിലെ സുപ്രധാനവിധികളിലൊന്നാണിത്. ഇതിലൂടെ രാജ്യത്തെ ഭരണാധികാരികള്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനെതിരായ പരോക്ഷമായ താക്കീതുമായി.