X

എച്ച്1 എന്‍1: ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: എച്ച്1 എന്‍1 പനിക്കെതിരെ ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം. 2009, 2012, 2015 വര്‍ഷങ്ങള്‍ക്ക് ശേഷം 2017 തുടക്കം മുതല്‍ എച്ച്1 എന്‍1 പനി വ്യാപകമാകുന്ന സൂചനയാണ് കാണുന്നതെന്നും ഡോക്ടര്‍മാര്‍ ഇതിനെതിരായ രോഗനിര്‍ണയ സാധ്യത പരിശോധിച്ച് ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ സര്‍ക്കുലര്‍ പുറത്തിറക്കി.

എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും എച്ച്1 എന്‍1 പനി പടരുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ ജനം പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല. ജലദോഷപനികള്‍, ചുമ, തൊണ്ടവേദന, ശ്വാസംമുട്ട് മുതലായ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഉടന്‍തന്നെ ഡോക്ടറെ സമീപിക്കണം. ഗര്‍ഭിണികള്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രമേഹം, ഹൃദ്‌രോഗം, ബി.പി, കരള്‍- വൃക്ക രോഗങ്ങള്‍, മുതലായവ ഉളളവര്‍ ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തണമെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ നിര്‍ദേശിച്ചു.
രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ അസുഖം മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ ശ്രമിക്കണം. തുമ്മുമ്പോഴും ചുമക്കുമ്പോഴും ടവല്‍ കൊണ്ട് മൂക്കും വായും മൂടുക, കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക, ജലദോഷപനിയാല്‍ സുഖമില്ലാത്ത അവസ്ഥയില്‍ സ്‌കൂളിലോ ജോലിക്കോ പോകാതിരിക്കുക, ചൂട് പാനീയങ്ങള്‍ പോഷകാഹാരങ്ങള്‍ മുതലായവ കഴിക്കുക.
എച്ച്1 എന്‍1 ചികിത്സക്ക് ആവശ്യമായ ഒസള്‍ട്ടാമീവിര്‍ മരുന്ന് എല്ലാ സര്‍ക്കാര്‍ ആസ്പത്രികളിലും ആരോഗ്യവകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ കാരുണ്യ മരുന്നുകടകളിലും ഇത് ലഭിക്കും. ചികിത്സ തുടങ്ങാന്‍ പ്രത്യേക ലാബ് പരിശോധന ആവശ്യമില്ല. കൃത്യമായ രോഗനിര്‍ണയ ചികിത്സാ മാര്‍ഗരേഖകള്‍ ദേശീയതലത്തിലും കേരളത്തിലും ഡോക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ വെബ്‌സൈറ്റായ ംംം.റവ.െ സലൃമഹമ.ഴീ്.ശി ല്‍ ഇത് ഡോക്ടര്‍മാര്‍ക്ക് വേണ്ടി ലഭ്യമാണ്. സംശയനിവാരണത്തിന് ആരോഗ്യവകുപ്പിന്റെ ഹെല്‍പ് ലൈന്‍ ദിശ (0471 2552056)യിലോ ടോള്‍ഫ്രീ നമ്പരായ 1056 ലോ ബന്ധപ്പെടാവുന്നതാണെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

chandrika: