X

എച്ച്.1ബി വിസ നിയന്ത്രണം: ഇന്ത്യക്കാര്‍ക്ക് ട്രംപിന്റെ അടി

 

വാഷിങ്ടണ്‍: എച്ച്.1ബി വിസയില്‍ അമേരിക്കയില്‍ എത്തിയവരുടെ പങ്കാളികള്‍ക്കും ജോലി ചെയ്യാന്‍ അനുമതി നല്‍കുന്നത് നിര്‍ത്തലാക്കാന്‍ യു.എസ് ഭരണകൂടം നീക്കം തുടങ്ങി. എച്ച്.1ബി വിസയുള്ളവരുടെ പങ്കാളികള്‍ക്ക് ജോലി ചെയ്യുന്നതിന് മുന്‍ പ്രസിഡന്റ് ബറാക് ഒബാമ അനുവദിച്ച പ്രത്യേക ആനുകൂല്യമാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റദ്ദാക്കുന്നത്.
അമേരിക്കയിയുള്ള ആയിരക്കണക്കിന് ഇന്ത്യക്കാരെയും അവരുടെ കുടുംബങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കും. 2015ലാണ് എച്ച്.1ബി വിസ ഉള്ളവരുടെ ജീവിത പങ്കാളികള്‍ക്ക് എച്ച്4 ആശ്രിതവിസയില്‍ ജോലി ചെയ്യാന്‍ ഒബാമ ഭരണകൂടം അനുമതി നല്‍കിയത്. ഇന്ത്യക്കാരുള്‍പ്പെടെ ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ക്ക് ഇത് ആശ്വാസമായിരുന്നു. അമേരിക്കന്‍ പൗരന്മാര്‍ക്ക് പ്രഥമ പരിഗണന നല്‍കുകയെന്ന ട്രംപിന്റെ നയത്തിന്റെ ഭാഗമായാണ് പുതിയ നീക്കത്തിനു പിന്നിലെന്ന് അറിയുന്നു. 2014ല്‍ എച്ച്4 ആശ്രിത വിസയുള്ള 41,000 പേര്‍ക്കും ഈവര്‍ഷം ജൂണ്‍ വരെ 36,000 പേര്‍ക്കും അമേരിക്കയില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു.
ട്രംപ് ഭരണകൂടത്തിന്റെ നീക്കം ഐ.ടി കമ്പനികളെയും ബാധിക്കും. പ്രതിവര്‍ഷം പതിനായിരക്കണക്കിന് തൊഴിലാളികളെയാണ് ഐ.ടി കമ്പനികള്‍ എച്ച്1ബി വിസ വഴി നിയമിക്കുന്നത്.
ഐ.ടി കമ്പനികളുടെ നിരന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പങ്കാളികള്‍ക്കും ജോലി ചെയ്യാന്‍ ഒബാമ ഭരണകൂടം അനുമതി നല്‍കിയിരുന്നത്. എച്ച്.1ബി വിസയില്‍ മാറ്റങ്ങള്‍ വരുത്താനും ഭരണകൂടം ആലോചിക്കുന്നുണ്ട്.
ഏറ്റവും മികച്ച വിദേശ പൗരന്മാരെ മാത്രം തെരഞ്ഞെടുക്കകയെന്ന ലക്ഷ്യത്തോടെ ഈ വിസക്ക് യോഗ്യമാകുന്ന തൊഴിലുകള്‍ എതെല്ലാമാണെന്ന് ആഭ്യന്തര സുരക്ഷാ വിഭാഗം പരിശോധിക്കും. പങ്കാളികള്‍ക്ക് ജോലി ചെയ്യാനുള്ള അനുമതി റദ്ദാക്കുന്നതോടെ ഇന്ത്യക്കാരെയാണ് ഏറെ ബാധിക്കുക. കാരണം അമേരിക്കയില്‍ എച്ച്.1ബി വിസയില്‍ ജോലിച്ചുന്നവരില്‍ 70 ശതമാനവും ഇന്ത്യക്കാരാണ്.

chandrika: