X
    Categories: MoreViews

എച്ച് -1 ബി വിസ നടപടി ക്രമങ്ങള്‍ യുഎസ് കര്‍ശനമാക്കുന്നു

വാഷിങ്ടണ്‍: വിദഗ്ധ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കായി അനുവദിക്കുന്ന എച്ച് -1 ബി വിസ നടപടിക്രമങ്ങള്‍ യുഎസ് കൂടുതല്‍ കര്‍ശനമാക്കുന്നു. മാതൃകമ്പനിയില്‍ നിന്നു മറ്റു കമ്പനികളിലേക്ക് ഡെപ്യൂട്ടേഷനില്‍ പോകുന്ന ജീവനക്കാര്‍ക്ക് നല്‍കുന്ന വിസക്കുള്ള നടപടിക്രമങ്ങളാണ് കര്‍ശനമാക്കിയത്. യുഎസിലെ ഇന്ത്യന്‍ കമ്പനികളെയും ജീവനക്കാരെയും ബാധിക്കുന്ന തരത്തിലാണ് മാറ്റം. ജീവനക്കാരെ മറ്റൊരു കമ്പനിയിലേക്ക് എന്തിനാണ് വിടുന്നതെന്നുള്ള വിശദീകരണം കമ്പനി തന്നെ നല്‍കണം. ഒപ്പം ജോലിയില്‍ ഇയാള്‍ക്കുള്ള നൈപുണ്യവും വ്യക്തമാക്കണം. തുടര്‍ന്ന് അവര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന അത്രയും കാലത്തേക്കുള്ള വിസ അനുവദിക്കാമെന്നാണ് പുതിയ ഉത്തരവ്.
യുഎസിലെ ബാങ്കിങ്-ട്രാവല്‍ ഏജന്‍സി-കൊമേഴ്‌സ്യല്‍ സര്‍വീസ് വിഭാഗങ്ങളിലായി ഒട്ടേറെ ഇന്ത്യക്കാരാണ് എച്ച്1 ബി വിസയില്‍ ജോലി ചെയ്യുന്നത്. ഡെപ്യൂട്ടേഷന്റെ ഭാഗമായി മറ്റു കമ്പനികളിലേക്കു പോകുന്നവര്‍ക്ക് മൂന്നു വര്‍ഷത്തില്‍ താഴെ മാത്രമേ വിസ നല്‍കുകയുള്ളു എന്നും ഉത്തരവില്‍ പറയുന്നു. ജോലികളില്‍ നാട്ടുകാര്‍ക്ക് മുന്‍ഗണന നല്‍കുകയെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍.

chandrika: