സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങളം പരിഷ്‌കാരങ്ങളും ഏര്‍പ്പെടുത്തി. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അധ്യക്ഷനായ സമിതിയുടെതാണ് നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. മെയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
പ്രതിദിനം ഒരു എംവിഐയുടെ നേതൃത്വത്തില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ട അപേക്ഷകരുടെ എണ്ണം 30 ആയി നിജപ്പെടുത്തി. ഡ്രൈവിങ് ടെസ്റ്റിന് ഓട്ടോമാറ്റിക് ഗിയര്‍ഉപയോഗിക്കാന്‍ പാടില്ല. ഡ്രൈവിങ് സ്‌കൂളിലെ പരിശീലന വാഹനത്തിന്റെ കാലപ്പഴക്കം 15 വര്‍ഷമാക്കി. ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനത്തില്‍ ഡാഷ് ബോര്‍ഡ് ക്യാമറ സ്ഥാപിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
വാഹനങ്ങളുടെ റോഡ് ടെസ്റ്റ് റോഡിലൂടെ തന്നെ നടത്തണം. പ്രതിദിനം ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ട അപേക്ഷകരുടെ എണ്ണം 30 ആയി നിജപ്പെടുത്തി. 20 എണ്ണം പുതിയ അപേക്ഷകരും 10 എണ്ണം നേരത്തെ പരാജയപ്പെട്ടവരും. 30 എണ്ണത്തിലധികം ടെസ്റ്റ് നടത്തിയാല്‍ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കും. ലേണേഴ്‌സ് ടെസ്റ്റിന് അപേക്ഷിക്കുന്നവരുടെ എണ്ണവും ഇതനുസരിച്ച് നിജപ്പെടുത്തണം. ടെസ്റ്റില്‍ എച്ച് എടുക്കുന്നത് ഒഴിവാക്കി.
ഡ്രൈവിങ് ടെസ്റ്റും ലേണേഴ്‌സ് ടെസ്റ്റും പരിഷ്‌കരിക്കുമെന്ന് ഗതാഗതമന്ത്രി ഗണേഷ്‌കുമാര്‍ ചുമതലയേറ്റ ഉടന്‍ തന്നെ വ്യക്തമാക്കിയിരുന്നു. നിലവിലെ ഡ്രൈവിങ് ടെസ്റ്റ് എളുപ്പമായതാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നാണ് മന്ത്രിയുടെ നിലപാട്.