ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി പള്ളിയില്‍ സര്‍വ്വേ നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യക്ക് അനുമതി നല്‍കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മസ്ജിദ് കോംപ്ലക്‌സിനകത്ത് സര്‍വേ നടത്താന്‍ ഉത്തരവിട്ട വരാണസി ജില്ലാ കോടതി ഉത്തരവിനെതിരെ മസ്ജിദിന്റെ പരിപാലകരായ അന്‍ജുമന്‍ ഇന്‍തിസാമിയ കമ്മിറ്റി സമര്‍പ്പിച്ച ഹര്‍ജി ഇന്നലെയാണ് അലഹാബാദ് ഹൈക്കോടതി തള്ളിയത്. സര്‍വേയുടെ ഭാഗമായി നടക്കുന്ന ഉദ്ഖനന പ്രവൃത്തികള്‍ ചരിത്രസ്മാരകമായ പള്ളിയുടെ തകര്‍ച്ചക്ക് കാരണമാകുമെന്നായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ വാദം. എന്നാല്‍ ഉപാധികളോടെ സര്‍വേയുമായി മുന്നോട്ടു പോകാന്‍ അനുമതി നല്‍കിയ ഹൈക്കോടതി, ഡ്രഡ്ജിങ് (കുഴിച്ചുനോക്കല്‍) പാടില്ലെന്ന് പുരാവസ്തു വകുപ്പിനോട് നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് പ്രീതിങ്കാര്‍ ദിവാകര്‍ അധ്യക്ഷനായ ഹൈക്കോടതി ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.
കേസില്‍ തീര്‍പ്പ് കല്‍പ്പിക്കും വരെ സര്‍വേ തടഞ്ഞ് നേരത്തെ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കേസില്‍ ഹൈക്കോടതി വിധി പറഞ്ഞതോടെ ഈ വിലക്ക് സ്വാഭാവികമായി നീങ്ങുമെന്നതിനാലാണ് മസ്ജിദ് കമ്മിറ്റി അടിയന്തരമായി സുപ്രീംകോടതിയെ സമീപിച്ചത്.
ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ സമര്‍പ്പിച്ചതായും ഹര്‍ജി പ്രോട്ടോകോള്‍ പ്രകാരം സുപ്രീംകോടതിക്ക് ഇ മെയില്‍ ചെയ്തതായും മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകന്‍ അഡ്വ. നിസാം പാഷ പറഞ്ഞു. ഇ മെയില്‍ താന്‍ ശരിയായ രീതിയില്‍ നോക്കുമെന്നായിരുന്നു ഇതിന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ പ്രതികരണം. ഹര്‍ജിയില്‍ സുപ്രീംകോടതി അടിയന്തര വാദം കേള്‍ക്കലിന് സന്നദ്ധമാണെന്നാണ് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം നല്‍കുന്ന സൂചന. അതേസമയം കേസില്‍ ഏതെങ്കിലും തരത്തിലുള്ള ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് തങ്ങളുടെ ഭാഗം കേള്‍ക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു പക്ഷം സുപ്രീംകോടതിയില്‍ കേവിയറ്റും ഫയല്‍ ചെയ്തിട്ടുണ്ട്.
നീതി നടപ്പാക്കാന്‍ സര്‍വേ അനിവാര്യമാണെന്നായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി നടത്തിയ പരാമര്‍ശം. ചില ഉപാധികളോടെ സര്‍വേ നടത്താം, ഡ്രഡ്ജിങ് പാടില്ല. റഡാര്‍ സര്‍വേ അടക്കം ശാസ്ത്രീയ പരിശോധനകള്‍ ആവാമെന്നും സുപ്രീംകോടതി ഉത്തരവു പ്രകാരം സീല്‍ചെയ്ത വുസുഖാന അടങ്ങുന്ന ഭാഗത്ത് സര്‍വേ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
മേല്‍ക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാനുള്ള സാവകാശം പോലും അനുവദിക്കാതെ സര്‍വേക്ക് ഉത്തരവിട്ട വരാണസി ജില്ലാ കോടതി ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെയാണ് ആദ്യം സമീപിച്ചത്. എ.എസ്.ഐ ഉദ്യോഗസ്ഥര്‍ ഗ്യാന്‍വാപിയില്‍ സര്‍വേക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതിനു പിന്നാലെയായിരുന്നു നീക്കം. തുടര്‍ന്ന് രണ്ടു ദിവസത്തേക്ക് സര്‍വേ തടഞ്ഞ് സുപ്രീംകോടതി ഉത്തരവിട്ടു. ഇതിനകം ഹൈക്കോടതിയെ സമീപിക്കാന്‍ മസ്ജിദ് കമ്മിറ്റിയോട് നിര്‍ദേശിക്കുകയും മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി നിശ്ചിത സമയത്തിനകം ലിസ്റ്റ് ചെയ്യണമെന്ന് അലഹാബാദ് ഹൈക്കോടതി രജിസ്ട്രിയോട് സുപ്രീംകോടതി ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് മസ്ജിദ് കമ്മിറ്റി ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.
ഗ്യാന്‍വാപി മസ്ജിദില്‍ ആരാധനക്ക് അനുമതി തേടി അഞ്ച് ഹിന്ദു സ്ത്രീകള്‍ വരാണസി കോടതി മുമ്പാകെ സമര്‍പ്പിച്ച ഹര്‍ജിയാണ് കേസിന്റെ ആധാരം. ക്ഷേത്രം തകര്‍ത്താണ് മസ്ജിദ് നിര്‍മ്മിച്ചതെന്നാണ് ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ നൂറ്റാണ്ടുകളായി ഗ്യാന്‍വാപിയില്‍ മസ്ജിദ് നിലനില്‍ക്കുന്നുണ്ടെന്നും നിര്‍മ്മിച്ച കാലം മുതല്‍ തന്നെ ഇത് പള്ളിയാണെന്നുമാണ് മസ്ജിദ് കമ്മിറ്റി നിരത്തുന്ന വാദം.