ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് ഗ്യാന്‍ വാപി മസ്ജിദില്‍ നടക്കുന്ന പുതിയ സംഭവവികാസങ്ങള്‍ക്കു പിന്നിലെ ഒളിഅജണ്ടകള്‍ക്കെതിരെ മതേതര സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. വി.കെ ഫൈസല്‍ ബാബു.
ബാബരി മസ്ജിദിന്റെ ചരിത്രം ഗ്യാന്‍ വാപിയില്‍ ആവര്‍ത്തിക്കരുത്. ഇതിനെ നിയമപരമായി നേരിടണം. ഭരണഘടനാ സ്ഥാപനങ്ങള്‍ തങ്ങളുടെ കൈയ്യിലാനെന്നെ ഹുങ്ക് സംഘ്പരിവാറിനുണ്ട്. തെരുവില്‍ കര്‍ഷകസമരം മാതൃകയില്‍, ജനാധിപത്യരീതിയില്‍ ജനകീയമായും ഈ നീക്കത്തെ ചെറുക്കേണ്ടിവരും. മസ്ജിദ് പരിസരത്തു നടക്കുന്ന സര്‍വേയില്‍ ശിവലിംഗം കണ്ടെത്തി എന്ന വ്യാജ അവകാശവാദത്തിന്റെ പേരില്‍ പുതിയ തര്‍ക്കമുണ്ടാക്കി കലാപത്തിന് ശ്രമം നടക്കുകയാണ്. ഇത്തരക്കാരെ തിരിച്ചറിയണം.
1991 ലെ ആരാധനാലയ സംരക്ഷണ നിയമം നടപ്പിലാക്കാനുള്ള ഉത്തരവാദിത്വമാണ് കോടതികള്‍ ഏറ്റെടുക്കേണ്ടത്. അതിന് പകരം വ്യാജ ചരിത്ര നിര്‍മ്മിതികളെയും തെറ്റായ അവകാശവാദങ്ങളെയും കോടതികള്‍ ഏറ്റെടുക്കരുത്. ആരാധനാലയങ്ങളുടെ മറവില്‍ വിദ്വേഷ രാഷ്ട്രീയം കളിക്കാന്‍ കാത്തിരിക്കുന്ന സംഘ്പരിവാര്‍ ശക്തികളെ ഒറ്റപ്പെടുത്തണം. ഗ്യാന്‍ വാപിയുടെ പേരില്‍ മുസ്‌ലിം സമുദായത്തിന്റെ നെഞ്ചിലുയരുന്ന ആശങ്കകള്‍ കാണേണ്ട ബാധ്യത പൊതുസമൂഹം ഏറ്റെടുക്കണം. മസ്ജിദിന്റെ പേരില്‍ വിദ്വേഷ രാഷ്ടീയം പയറ്റാന്‍ കാത്തിരിക്കുന്നവര്‍ നിരാശരാകേണ്ടി വരും. ആരാധനാലയങ്ങളുടെ പേരില്‍ തര്‍ക്കങ്ങളുയര്‍ത്തുന്നവര്‍ക്കെതിരെ ശക്തമായ ജനകീയ ജാഗ്രത ഉയര്‍ത്താന്‍ യൂത്ത് ലീഗ് മുന്‍കൈയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.