X

ഗ്യാന്‍വാപിയും നിയമത്തിന്റെ സൂത്രദ്വാരങ്ങളും- സുഫ്‌യാന്‍ അബ്ദുസ്സലാം

സുഫ്‌യാന്‍ അബ്ദുസ്സലാം

മുസ്‌ലിം വിരുദ്ധ രാഷ്ട്രീയത്തെ പൊലിപ്പിച്ച് ലക്ഷ്യം നേടാനുള്ള ഭഗീരഥ യത്‌നത്തിലാണ് സംഘ്പരിവാര്‍. ഹൈന്ദവസ്‌നേഹമല്ല മറിച്ച് രാജ്യത്തെ വെട്ടിപ്പിടിക്കുന്നതിന് വേണ്ടി ഇന്ത്യാവിരുദ്ധ ശക്തികള്‍ നടത്തുന്ന ഭയപ്പെടുത്തലിന്റെ രാഷ്ട്രീയമാണ് ഇതിന്റെ പിന്നിലെന്ന് ഏവര്‍ക്കും ബോധ്യമാണ്. ചരിത്രപരമായോ പുരാവസ്തു ശാസ്ത്രപരമായോ ബാബരി മസ്ജിദ് ഹൈന്ദവ ക്ഷേത്രമായിരുന്നു എന്ന് തെളിയിക്കാന്‍ കോടതിയിലും പുറത്തും സാധിക്കാതിരിന്നിട്ടും ലക്ഷ്യം നേടാനായത് അവരുടെ അഹങ്കാരം വര്‍ധിപ്പിച്ചു.

ഗ്യാന്‍വാപി മസ്ജിദിനു മേലുള്ള സംഘ്പരിവാര്‍ അവകാശവാദമാണ് ഇപ്പോള്‍ രാജ്യം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. അയോധ്യയില്‍നിന്നും 220 കിലോമീറ്റര്‍ തെക്കു സ്ഥിതിചെയ്യുന്ന വാരാണസി പട്ടണത്തിലാണ് ഗ്യാന്‍വാപി മസ്ജിദ്. 1664 ലാണ് ഗ്യാന്‍വാപി മസ്ജിദ് മുഗള്‍ ഭരണാധികാരിയായിരുന്ന ഔറംഗസീബ് പണിതത് എന്നാണ് ഔദ്യോഗിക രേഖ. മൂന്നര നൂറ്റാണ്ടിലധികം മുസ്‌ലിംകള്‍ ആരാധന നിര്‍വഹിച്ചുവന്ന പള്ളിയുടെമേല്‍ സംഘ്പരിവാര്‍ അവകാശവാദം ഉന്നയിച്ചുതുടങ്ങിയത് 1984 മുതല്‍ മാത്രമാണ്. വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലാണ് രാജ്യമൊട്ടുക്കും ബാബരി, ഗ്യാന്‍വാപി, കാശി, മഥുര തുടങ്ങി അനേകം മുസ്‌ലിം പള്ളികള്‍ക്കുമേല്‍ അവകാശവാദമുന്നയിച്ച് രംഗത്തുവന്നത്. എന്നാല്‍ അന്ന് നിയമനീക്കങ്ങളിലേക്ക് വി.എച്ച്.പി കടന്നുവന്നിരുന്നില്ല. 1991 ഒക്ടോബര്‍ 15 നാണ് ഗ്യാന്‍വാപി മസ്ജിദ് നില്‍ക്കുന്ന സ്ഥലം ക്ഷേത്ര നിര്‍മാണത്തിനായി വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് അവര്‍ വാരാണസി ജില്ലാ കോടതിയെ സമീപിക്കുന്നത്. രാജ്യത്താകമാനം ഹൈന്ദവ വികാരം ഇളക്കിവിട്ട് അതിലൂടെ രാഷ്ട്രീയ മേല്‍ക്കോയ്മ നേടിയെടുക്കുക എന്നതു മാത്രമാണ് ഇതിലൂടെ സംഘ്പരിവാര്‍ ലക്ഷ്യമിട്ടിരുന്നത് എന്ന കാര്യം വളരെ വ്യക്തമാണ്.

മുഗളന്മാരുടെ കാലം കഴിഞ്ഞ് പോര്‍ച്ചുഗീസ്, ഫ്രഞ്ച,് ബ്രിട്ടീഷ് അധിനിവേശ കാലഘട്ടവും കഴിഞ്ഞ് സ്വതന്ത്ര ഇന്ത്യയിലേക്ക് പ്രവേശിക്കുമ്പോള്‍ മൂന്നര നൂറ്റാണ്ടോളം പിന്നിട്ടു കഴിഞ്ഞിട്ടുണ്ട് എന്ന യാഥാര്‍ഥ്യം വിസ്മരിച്ചുകൂടാ. ഈ കാലങ്ങളിലെല്ലാം ആരാധനാലയങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, സ്വകാര്യ സ്വത്തുക്കളുടെയും സര്‍ക്കാര്‍ ഭൂമികളുടെയും കാര്യങ്ങളിലെല്ലാം പല തരത്തിലുള്ള തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ടാവാം. ആരാധാനാലയങ്ങളുടെ കാര്യത്തില്‍ വൈകാരികമായ സ്ഥിതിവിശേഷം ഉണ്ടാകുമെന്നതിനാല്‍ അവയെകുറിച്ചുള്ള കാര്യത്തില്‍ രാഷ്ട്രത്തിന്റെ പൊതുവായ തീരുമാനമാണ് ഉണ്ടാവേണ്ടത്. അത്തരം തീരുമാനങ്ങളുണ്ടാക്കേണ്ടത് രാജ്യത്തിന്റെ നിയമനിര്‍മാണ സഭകളാണ്. അത് ഇന്ത്യ ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്. 1991 ലെ ആരാധനാലയ സംരക്ഷണ നിയമം ഇന്ത്യ ഉണ്ടാക്കിയത് രാജ്യത്തിന്റെ ജനാധിപത്യ മനനിരപേക്ഷ സ്വഭാവത്തെ നിലനിര്‍ത്താനും ഏതെങ്കിലും ഒരു മതത്തിന് മറ്റൊരു മതത്തിന്റെ മേല്‍ അധീശത്വം ഇല്ലാതിരിക്കുന്നതിനും വേണ്ടിയാണ്. പഴയകാലങ്ങളിലെ ഏതെങ്കിലും ശിലയോ ഫലകമോ മറ്റെന്തെങ്കിലും വസ്തുക്കളോ അല്ല ഒരു ആരാധനാലയത്തിന്റെ അസ്തിത്വം നിര്‍ണയിക്കേണ്ടത്, മറിച്ച് ഇന്ത്യ ഒരു പരാമാധികാര സ്വതന്ത്ര രാഷ്ട്രമായ 1947 ആഗസ്ത് 15 ന് പ്രസ്തുത ആരാധനാലയം ആരുടെ അവകാശത്തിലായിരുന്നോ ആ അവകാശത്തെ നിലനിര്‍ത്തുകയാണ് വേണ്ടത് എന്നതാണ് 1991 ജൂലൈ 11 ന് നിലവില്‍ വന്ന ആരാധനാലയ സംരക്ഷണ നിയമത്തിന്റെ നാലാം ഭാഗം എന്ന കാതലായ വശം.

2019 നവംബര്‍ 9 ന് ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച അന്തിമ വിധിയില്‍ ചീഫ് ജസ്റ്റിസ് വളരെ വ്യക്തമായി ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അയോധ്യാവിധിയെ രാജ്യത്തെ മറ്റുള്ള മസ്ജിദുകളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ കീഴ്‌വഴക്കമായി അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മറ്റു മസ്ജിദുകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ 1947 ആഗസ്ത് 15 നെ കട്ട് ഓഫ് ഡേറ്റ് ആയി നിജപ്പെടുത്തിയിട്ടുള്ള ആരാധനാലയ സംരക്ഷണ നിയമം (1991) ആയിരിക്കും ബാധകമാകുക എന്നും സുപ്രീംകോടതി അസന്നിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്.

മുസ്‌ലിംലീഗ് അഖിലേന്ത്യാ പ്രസിഡണ്ടും പ്രമുഖ പാര്‍ലമെന്റേറിയനുമായിരുന്ന ഗുലാം മഹ്മൂദ് ബനാത്‌വാലയായിരുന്നു 1991 ലെ ആരാധനാലയ സംരക്ഷണ നിയമത്തിന്റെ ഉപജ്ഞാതാവ്. ബാബരി മസ്ജിദ് അടക്കമുള്ള പള്ളികളുടെ കാര്യത്തില്‍ രാജ്യത്താകമാനം അതിവൈകാരിക സംഭവങ്ങള്‍ അരങ്ങേറിക്കൊണ്ടിരുന്ന, പി.വി നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്ന കാലത്താണ് സംഘ്പരിവാറിന്റെയും ഇതര തീവ്രവാദ സംഘടനകളുടെയും കുല്‌സിത ശ്രമങ്ങള്‍ക്ക് കത്രികപ്പൂട്ടിട്ട് കൊണ്ട് വളരെ സമര്‍ഥമായി നിയമത്തിന്റെ വഴിയിലൂടെ സഞ്ചരിച്ച് ബനാത്‌വാല വിജയിച്ചത്. ഒരു നിലക്കും അതിജയിക്കാന്‍ കഴിയാത്ത വിധമാണ് നിയമം തയ്യാര്‍ ചെയ്തിട്ടുള്ളത് എന്നതാണ് സംഘപരിവാറിന് ഏറ്റവും വലിയ തലവേദനയായി നില്‍ക്കുന്നത്. ആരാധനാലയ സംരക്ഷണ നിയമം 1991 ജൂലൈ 11 ന് പ്രാബല്യത്തില്‍ വന്നതിന് ശേഷം അതേവര്‍ഷം ഒക്ടോബറില്‍ മാത്രമായിരുന്നു വി.എച്ച്.പി ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട് വാരാണസി കോടതിയില്‍ അപ്പീല്‍ പോയിരുന്നത്. ഏഴു വര്‍ഷത്തിന് ശേഷം 1998 ല്‍ കോടതി അവരുടെ അപ്പീല്‍ തള്ളിയത് ഇതേ ആരാധനാലയ സംരക്ഷണ നിയമം ചൂണ്ടിക്കാട്ടിയായിരുന്നു. വി.എച്ച്.പി റിവിഷന്‍ ഹരജി നല്‍കിയെങ്കിലും മസ്ജിദ് കമ്മിറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നടപടികള്‍ സ്റ്റേ ചെയ്തു.

നിയമത്തിന് സൂത്രദ്വാരങ്ങള്‍ വല്ലതുമുണ്ടോ എന്ന ഗവേഷണത്തിലാണ് സംഘ് ബുദ്ധിജീവികള്‍. അയോധ്യ വിധി വന്നപ്പോള്‍ മറ്റു മസ്ജിദുകള്‍ക്കുമേല്‍ തങ്ങള്‍ അവകാശവാദം ഉന്നയിക്കില്ലെന്ന് പറഞ്ഞത് ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത് തന്നെയായിരുന്നു. എന്നാല്‍ അതൊരു കബളിപ്പിക്കല്‍ മാത്രമായിരുന്നുവെന്ന് അയോധ്യാവിധി വന്ന് ആറു മാസത്തിനകം അവര്‍ തെളിയിച്ചു. 2020 ജൂണില്‍ വിശ്വഭദ്ര പൂജാരി പുരോഹിത് മഹാസംഘ് ആരാധനാലയ സംരക്ഷണ നിയമത്തിലെ നാലാം ഭാഗം റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ടു കോടതിയെ സമീപിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ സുപ്രീംകോടതി പരാതിക്കാര്‍ക്ക് അനുകൂലമായി ചലിച്ചില്ല. നോട്ടീസ് പോലും നല്‍കേണ്ടെന്നായിരുന്നു കോടതിയുടെ തീരുമാനം.

കീഴ്‌ക്കോടതികളിലൂടെ രംഗം ചൂടാക്കാനായിരുന്നു പിന്നീട് ഹിന്ദുത്വ ശക്തികളുടെ ശ്രമം. അതിനായി അവര്‍ 2021 ഏപ്രിലില്‍ വാരാണസി സിവില്‍ കോടതിയെ സമീപിച്ചു. വാരാണസി കോടതി ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയോട് (എ.എസ്.ഐ) പ്രദേശത്ത് പുരാവസ്തു പഠനം നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു. രണ്ട് ഹിന്ദുക്കള്‍, രണ്ട് മുസ്‌ലിംകള്‍, ഒരു എ.എസ്.ഐ പ്രതിനിധി എന്നിങ്ങനെ അഞ്ചംഗ കമ്മിറ്റിയെ കോടതി നിയോഗിച്ചു. യഥാര്‍ഥത്തില്‍ ആരാധനാലയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തരത്തിലൊരു പഠനം ആവശ്യപ്പെടാന്‍ പാടില്ലായിരുന്നു എന്നത് വ്യക്തമാണ്. ഇങ്ങനെയുള്ള അവകാശവാദങ്ങളാണ് ബാബരി മസ്ജിദിന്റെ ചരിത്രത്തിലും സംഘ് ശക്തികള്‍ പടിപടിയായി ഉയര്‍ത്തിക്കൊണ്ടുവന്നത്. ആദ്യം വിഗ്രഹം സ്ഥാപിച്ചും പിന്നീട് പ്രദേശത്ത് ഹൈന്ദവ അടയാളങ്ങളുണ്ടെന്ന് ഉറപ്പിക്കുന്നതിന് ആവശ്യമായ വസ്തുക്കള്‍ നിക്ഷേപിച്ചും അവര്‍ ഗൂഢമായി പ്രവര്‍ത്തിച്ചു. അതിനെ തുടര്‍ന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേയുടെ ‘കണ്ടെത്തലുകളും’ വന്നു. വളരെ ആസൂത്രിതമായി നിയമങ്ങളുടെ സൂത്രദ്വാരങ്ങള്‍ തന്നെയായിരുന്നു അവിടെയും ഉപയോഗപ്പെടുത്തിയത്. 2019 മാര്‍ച്ചില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയില്‍ കാശി വിശ്വനാഥ് മഹാക്ഷേത്രത്തിന്റെ കോറിഡോര്‍ പദ്ധതിയുടെ ശിലാസ്ഥാപനത്തിനായി എത്തിയപ്പോള്‍ പശുവിന്റെ മാതൃകയിലുള്ള വിഗ്രഹത്തെ ഗ്യാന്‍വാപി പള്ളിയുടെ വടക്കേ മതിലിനടുത്ത് മറവ് ചെയ്യാന്‍ ചില സംഘ് പ്രവര്‍ത്തകര്‍ ശ്രമിക്കുകയുണ്ടായി. മസ്ജിദ് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടതുകൊണ്ട് മാത്രം അത് പിടിക്കപ്പെട്ടു.

1991 ലെ ആരാധനാലയ നിയമത്തെ പരാജയപ്പെടുത്താന്‍ സംഘ്പരിവാര്‍ കണ്ടെത്തിയ മറ്റൊരു സൂത്രദ്വാരം 1983 ലെ ഉത്തര്‍പ്രദേശ് കാശി വിശ്വനാഥ ക്ഷേത്ര നിയമമാണ്. ക്ഷേത്രത്തിന്റെ ഭരണപരമായ കാര്യങ്ങള്‍ മാത്രം വിശദമാക്കുന്ന നിയമമാണിത്. ഇതിന് ഗ്യാന്‍വാപി മസ്ജിദുമായി യാതൊരു ബന്ധവുമില്ല. എന്നാല്‍ നിയമത്തിലെ നാലാം അധ്യായത്തിന്റെ ഒമ്പതാം ഉപവകുപ്പിലെ വാചകത്തെ തങ്ങള്‍ക്കനുകൂലമാക്കാനുള്ള വൃഥാശ്രമം നടത്തുകയാണവര്‍. ഗ്യാന്‍വാപി മസ്ജിദിനെ അവര്‍ ജ്യോതിര്‍ലിംഗ ആരാധനാലയമായി കണക്കാക്കുകയും അത് ക്ഷേത്രത്തിന്റെ ഭാഗമാണെന്ന് ഒമ്പതാം ഉപവകുപ്പ് പറയുകയും ചെയ്തിട്ടുണ്ട് എന്നാണവരുടെ കണ്ടെത്തല്‍. നിയമങ്ങള്‍ക്കുള്ളിലെ ദുര്‍ബലമായ നൂലുകളിലും അഭയം കണ്ടെത്താന്‍ അവര്‍ ശ്രമിക്കുകയാണ്.

സുപ്രീംകോടതിയില്‍ ഇതുസംബന്ധമായി വന്ന വാദങ്ങള്‍ക്കിടയില്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നടത്തിയ പരാമര്‍ശം മറ്റൊരു സൂത്രദ്വാരം തുറന്നുകൊടുക്കുന്നതാകുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയോട് ഇത് സംബന്ധമായി പഠനം നടത്താന്‍ ആവശ്യപ്പെട്ട വാരാണസി കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത അന്‍ജുമന്‍ ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകനോട് അദ്ദേഹം പറഞ്ഞത് 1991 ലെ ആരാധനാലയ സംരക്ഷണ നിയമം സര്‍വ്വേ നടത്താന്‍ പാടില്ലെന്ന് പറയുന്നില്ല എന്നായിരുന്നു. സ്വകാര്യമാക്കി വെക്കേണ്ട സര്‍വ്വേ പോലും ‘ശിവലിംഗം’ കണ്ടെത്തി എന്ന വിധത്തില്‍ പരസ്യമാക്കി ഹൈന്ദവ സമൂഹത്തില്‍ വൈകാരികത സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ പരാമര്‍ശം ആശ്ചര്യജനകമാണ്. സര്‍വ്വേയില്‍ എന്തു കണ്ടെത്തുന്നു എന്നത് ആരാധനാലയ സംരക്ഷണ നിയമത്തില്‍ പ്രസക്തമേ അല്ല. കണ്ടെത്തിയാലും ഇല്ലെങ്കിലും 1947 ആഗസ്ത് 15 ലെ തല്‍സ്ഥിതി സംരക്ഷിക്കപ്പെടാനുള്ള നടപടികളാണ് കോടതിയുടെ ഭാഗത്ത്‌നിന്നും ഉണ്ടാവേണ്ടത്. അല്ലാത്തപക്ഷം ബാബരി വിധിന്യായത്തിലൂടെ രാജ്യത്തിന്റെ പരമോന്നത കോടതി നല്‍കിയ ഉറപ്പുകള്‍ക്ക് കുറുപ്പിന്റെ ഉറപ്പുകളുടെ അത്രപോലും വിലയില്ലാത്ത അവസ്ഥയായിരിക്കും സംജാതമാകുക.

Test User: