ഉത്തര്‍പ്രദേശ് വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദിലെ ശേഷിക്കുന്ന നിലവറകളിലും എ.എസ്.ഐ സര്‍വേ നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹരജി വാരണാസി ജില്ല കോടതി ഫയലില്‍ സ്വീകരിച്ചു. ഹരജിയില്‍ ഫെബ്രുവരി 15ന് വാദം കേള്‍ക്കും.
ഗ്യാന്‍വാപി മസ്ജിദിലെ ‘വ്യാസ് കാ തഹ്ഖാന’ എന്നറിയപ്പെടുന്ന നിലവറയില്‍ ഹിന്ദുക്കള്‍ക്ക് പൂജക്ക് അനുമതി നല്‍കി കോടതി ഉത്തരവുണ്ടായതിന് പിന്നാലെയാണ് മറ്റ് നിലവറകളില്‍ കൂടി സര്‍വേ നടത്തണമെന്ന് ആവശ്യമുയര്‍ന്നിരിക്കുന്നത്. സനാതന്‍ സംഘ് സ്ഥാപക അംഗം രാഖി സിങ്ങാണ് ഹരജി നല്‍കിയത്.
ഗ്യാന്‍വാപിയുടെയും പരിസരത്തിന്റെയും മതപരമായ സ്വഭാവം കണ്ടെത്താന്‍ ശേഷിക്കുന്ന നിലവറകളുടെ സര്‍വേ ആവശ്യമാണെന്ന് രാഖി സിങ് ഹരജിയില്‍ വാദിച്ചു. അടച്ചിട്ടിരിക്കുന്ന നിലവറകളില്‍ എ.എസ്.ഐ സര്‍വേ നടത്തല്‍ ഇതിന് അനിവാര്യമാണെന്നും ഹരജിയില്‍ പറഞ്ഞു. ഹരജിയില്‍ എതിര്‍വാദം ഉന്നയിക്കുമെന്ന് മസ്ജിദ് കമ്മിറ്റി അറിയിച്ചു.
ഗ്യാന്‍വാപി മസ്ജിദില്‍ ഹിന്ദുക്കള്‍ക്ക് ആരാധന നടത്താന്‍ വാരാണസി ജില്ല കോടതി ജനുവരി 31ന് അനുമതി നല്‍കിയിരുന്നു. മസ്ജിദിലെ സീല്‍ ചെയ്ത നിലവറകളില്‍ തെക്കുഭാഗത്തുള്ള ‘വ്യാസ് കാ തഹ്ഖാന’ എന്നറിയപ്പെടുന്ന നിലവറയില്‍ ഹിന്ദുക്കള്‍ക്ക് പൂജ ചെയ്യാന്‍ അനുവാദം നല്‍കിയാണ് വിധി. ഹരജിക്കാരായ ഹിന്ദുവിഭാഗത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. തൊട്ടടുത്ത ദിവസം മുതല്‍ മസ്ജിദില്‍ പൂജയും ആരംഭിച്ചിരുന്നു.
ഗ്യാന്‍വാപി പള്ളി നിര്‍മിക്കുന്നതിനുമുമ്പ് അവിടെ വലിയൊരു ഹിന്ദു ക്ഷേത്രം നിലനിന്നിരുന്നതായി നേരത്തെ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ എ.എസ്.ഐ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പള്ളി നിര്‍മാണത്തിന് നേരത്തേയുള്ള ക്ഷേത്രത്തിന്റെ തൂണുകളും മറ്റും ഉപയോഗിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗ്യാന്‍വാപി പള്ളിക്ക് താഴെ ക്ഷേത്രാവശിഷ്ടങ്ങളുണ്ടായിരുന്നോ എന്ന് പരിശോധിക്കാന്‍ എ.എസ്.ഐ സര്‍വേ നടത്തട്ടെ എന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണ് വിധിച്ചത്.