ഗ്യാൻ വാപി മസ്ജിദ് പ്രശ്നം ബിജെപി കുത്തിപ്പൊക്കി കൊണ്ടുവരുന്നത് അടുത്ത തെരഞ്ഞെടുപ്പിലേക്ക് മൂർച്ചയുള്ള ഒരായുധം ഉണ്ടാക്കുന്നതിന് വേണ്ടിയാണ്, മതേതര ജനാധിപത്യ വിശ്വാസികൾ അതിനെ ഒന്നിച്ച് എതിർക്കണമെന്ന് ഡൽഹിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ മുസ് ലിം ലീഗ് എം.പി മാരായ ഇ.ടി. മുഹമ്മദ് ബഷീറും അബ്ദുസ്സമദ് സമദാനിയും പറഞ്ഞു.
ഈ പ്രശ്നം സംബന്ധിച്ച് പാർലമെന്റ് നിർത്തിവെച്ച് ചർച്ച ചെയ്യാൻ നോട്ടീസ് നൽകിയിരുന്നു .രാജ്യത്തെ സമാധാനാന്തരീക്ഷം തകർക്കുന്ന നടപടിയാണിപ്പോൾ ബിജെപി ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് മാത്രമല്ല മറ്റൊരു ബാബരി മസ്ജിദ് പ്രശ്നം ആവർത്തിക്കുവാനുള്ള കോപ്പ് കൂട്ടുകയാണ് ബിജെപി ചെയ്യുന്നത് . എം പി മാർ പറഞ്ഞു.
ഇത് 1991 ൽ പാർലിമെന്റ് പാസാക്കിയ ആരാധനാലയങ്ങളുടെ സംരക്ഷണം സംബന്ധിച്ച നിയമത്തിന് വിരുദ്ധമാണ്. 1947 ആഗസ്റ്റ് 15ന് ഓരോ സമുദായത്തിന്റെയും കൈവശം ഉണ്ടായിരുന്ന ആരാധനാലയങ്ങൾ അത് കോട്ടം വരാതെ ഭാവിയിൽ നില നിൽക്കുന്നതാണെന്ന അടിസ്ഥാന തത്വമാണ് ആ നിയമത്തിൽ പറഞ്ഞിട്ടുള്ളത് . ഇന്ത്യയിൽ മേലിൽ യാതൊരു വിധ തർക്കവും ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ ഒരു നിയമം കൊണ്ടുവന്നത്.
ഇപ്പോൾ ബിജെപിയെ അനുകൂലിക്കുന്ന ഹർജിക്കാർ പറഞ്ഞിരിക്കുന്നത് ക്ഷേത്രം പൊളിച്ച തലസ്ഥാനത്താണ് പള്ളി നിർമ്മിച്ചത് എന്നാണ്. അതുകൊണ്ട് അത് ഹിന്ദുമത ആചാര പ്രകാരമുള്ള പ്രതിഷ്ഠകൾക്കും ആരാധന കർമ്മങ്ങൾക്കും വിട്ടുകൊടുക്കണം എന്നുള്ളതാണ്.
വർഷങ്ങളോളമായി നിലനിൽക്കുന്ന ഒരു സംവിധാനത്തെ പൊളിച്ചു അതുവഴി തങ്ങളുടെ ദുരുദ്ദേശം സാധിച്ചുകിട്ടാൻ വേണ്ടി ഗവണ്മെന്റിന്റെ സഹായം തേടുകയാണ് ഇപ്പോൾ ചെയ്തിട്ടുള്ളത്.അവിടെ സർവ്വേ നടത്തുവാനുള്ള അനുവാദം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് നൽകുകയാണ് കോടതി ചെയ്തിട്ടുള്ളത്.ആ ഉത്തരവിന് വഴിവെക്കുന്നതാകട്ടെ ഗവണ്മെന്റ് ആരാധനാലയങ്ങളുടെ സംരക്ഷണം സംബന്ധിച്ച് ഉള്ള നിയമത്തിൽ വെള്ളം ചേർക്കാനും വീണ്ടും അത് പ്രശ്നമാക്കികൊണ്ടുവരാനും ഇത്തരക്കാർക്ക് സൗകര്യം ചെയ്തു കൊടുക്കുകയാണ്.മുസ്ലിം ലീഗ് ഇക്കാര്യത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഇക്കാര്യത്തിൽ തുടർന്ന് നിയമ നടപടി യെ കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാണ് എന്നും എം പി മാർ വ്യക്തമാക്കി.
മുസ്ലിം ലീഗ് ഏത് കാലത്തും മത സൗഹാർദ്ദത്തിന്റെ പക്ഷത്ത് നില ഉറപ്പിച്ച പാർട്ടിയാണ്. അതെ സമയം ഏതൊരു മതത്തിന്റെയും അടിസ്ഥാന കാര്യങ്ങളിൽ ഇടപെട്ട് അസ്വാസ്ത്യം ഉണ്ടാക്കാൻ ശ്രമിക്കുകയാണെങ്കിൽ അതിനോട് യോജിച്ച് നിൽക്കുവാൻ കഴിയില്ലെന്ന് മാത്രമല്ല മുസ്ലിം ലീഗ് അതിനെ ശക്തമായി എതിർക്കുമെന്നും അവർ പറഞ്ഞു.