X

ഗ്യാൻവാപി മസ്ജിദ്‌: പൂർണമായും സർവേ നടത്തണമെന്ന് ഹിന്ദു പക്ഷം

ഗ്യാൻവാപി കേസിൽ മുസ്‍ലിം വിഭാഗത്തിന്റെ വാദത്തിനെതിരെ ഹിന്ദുപക്ഷം തങ്ങളുടെ വാദങ്ങൾ വാരാണസി കോടതിയിൽ സമർപ്പിച്ചു. ഗ്യാൻവാപി സമുച്ചയത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങളിലും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) സർവേ നടത്തണമെന്നാണ് ഹിന്ദുവിഭാഗം ആവശ്യപ്പെട്ടത്. ഇരുപക്ഷത്തിനെയും കേട്ട കോടതി കേസ് ഈ മാസം 16ലേക്ക് മാറ്റി.

ഗ്യാൻവാപിയിൽ എ.എസ്.ഐ നടത്തിയ സർവേ അപൂർണമാണെന്ന കാര്യമാണ് താൻ ഉന്നയിച്ചതെന്ന് ഹിന്ദു പക്ഷ അഭിഭാഷകൻ മദൻ മോഹൻ യാദവ് പറഞ്ഞു. ഖനനം നടത്താത്തതിനാൽ എ.എസ്.ഐക്ക് കൃത്യമായ റിപ്പോർട്ട് നൽകാനാകുന്നില്ലെന്നും അതിനാൽ അവരോട് ഖനനം നടത്താൻ ആവശ്യപ്പെടണമെന്നും അഭ്യർഥിച്ചു. സമുച്ചയമാകെ സർവേ നടത്തണമെന്നും ആവശ്യമുന്നയിച്ചു.

ഒക്ടോബർ എട്ടിനാണ് മുസ്‍ലിം പക്ഷം ഹരജിയിൽ തങ്ങളുടെ അഭിപ്രായം അറിയിച്ചത്. സമുച്ചയത്തിൽ സർവേ പൂർത്തീകരിച്ച സ്ഥിതിക്ക് വീണ്ടും സർവേക്ക് ആവശ്യപ്പെടുന്നതിൽ കാര്യമില്ലെന്ന് ‘അഞ്ജുമാൻ ഇൻതിസാമിയ കമ്മിറ്റി’ വ്യക്തമാക്കിയിരുന്നു.

കേസ് ഹൈകോടതിയിലും സുപ്രീംകോടതിയിലും വാദിക്കാൻ ഹിന്ദുവിഭാഗം ആവശ്യപ്പെട്ടതിനാൽ വിഷയം വിചാരണകോടതി കൈകാര്യം ചെയ്യുന്നതിൽ പ്രസക്തിയില്ലെന്നും അവർ പറഞ്ഞിരുന്നു. പള്ളി പരിസരത്ത് കുഴിയെടുക്കുന്നതും അവർ എതിർത്തിരുന്നു.

webdesk13: