ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഗ്യാൻവാപി പള്ളിയിൽ നടത്തുന്ന സർവേയിൽ ‘വുദുഖാന’യും (അംഗശുദ്ധി വരുത്തുന്നതിനുള്ള സ്ഥലം) ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന ഹരജിയിൽ വാരാണസി ജില്ല കോടതി ശനിയാഴ്ച വിധി പറയും.
ശിവലിംഗമുണ്ടെന്ന് ഹിന്ദുവിഭാഗം പറയുന്ന ‘വുദുഖാന’ സംരക്ഷിക്കണമെന്ന സുപ്രീംകോടതി ഉത്തരവുള്ളതിനാൽ ഈ ഭാഗം സർവേയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതിനെതിരെ കേസിലെ പരാതിക്കാരിലൊരാളായ രാഖി സിങ്ങാണ് ജില്ല കോടതിയെ സമീപിച്ചത്. ഹരജിയിൽ ഇന്നലെ വാദം പൂർത്തിയാക്കിയ ജില്ല ജഡ്ജി എ.കെ. വിശ്വേഷ് ശനിയാഴ്ച വിധി പറയാൻ മാറ്റി.
വുദുഖാനയിൽ സർവേ നടത്താതെ ഗ്യാൻവാപി പള്ളിക്ക് പിന്നിലെ സത്യം പുറത്തുകൊണ്ടുവരാൻ കഴിയില്ലെന്ന് ഹിന്ദുവിഭാഗത്തിന്റെ അഭിഭാഷകനായ മദൻ മോഹൻ യാദവ് വാദിച്ചു.
എന്നാൽ, സുപ്രീംകോടതി ഉത്തരവ് പ്രകാരം വുദുഖാന സ്ഥിതിചെയ്യുന്ന സ്ഥലം മുദ്രവെച്ചിരിക്കുകയാണെന്നും ഹരജിക്കാരന്റെ ആവശ്യം അംഗീകരിക്കരുതെന്നും പള്ളി ഭരണസമിതി വാദിച്ചു. 17ാം നൂറ്റാണ്ടിലെ പള്ളി ക്ഷേത്രത്തിന് മുകളിലാണോ നിർമിച്ചതെന്നറിയാനാണ് എ.എസ്.ഐ സർവേ നടത്തുന്നത്.