വാരണസി: ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി മസ്ജിദ് സംബന്ധിച്ച് പള്ളി പരിപാലന കമ്മിറ്റി നല്‍കിയ ഹര്‍ജി വാരണസി കോടതി തള്ളി. മസ്ജിദില്‍ ആരാധന നടത്തുന്നതുമായി ബന്ധപ്പെട്ട് ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. നിത്യാരാധാന വേണമെന്ന ആവശ്യത്തില്‍ തുടര്‍വാദം നടക്കുമെന്നും കോടതി അറിയിച്ചു.
1991ലെ ആരാധനാലയ സംരക്ഷണ നിയമപ്രകാരം ഹര്‍ജിയിലെ ആവശ്യം അംഗീകരിക്കരുതെന്നായിരുന്നു പള്ളി കമ്മിറ്റിയുടെ വാദം. എന്നാല്‍ ആരാധനാ നിയമം തടസ്സമല്ലെന്ന് കോടതി പറഞ്ഞു. കേസില്‍ തുടര്‍വാദം ഈ മാസം 22ന് നടക്കും.
ഗ്യാന്‍വാപി മസ്ജിദില്‍ ഹിന്ദുവിഗ്രഹങ്ങള്‍ ഉണ്ടെന്നും ഇവിടെ നിത്യേന പൂജ നടത്താന്‍ അനുവാദം നല്‍കണമെന്നും ആവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്ത്രീകളാണ് കോടതിയെ സമീപിച്ചത്. മസ്ജിദിന്റെ മതിലിനോട് ചേര്‍ന്ന് ഹൈന്ദവ ക്ഷേത്രമുണ്ടായിരുന്നുവെന്നാണ് വാദം. പരാതിക്കെതിരെ മസ്ജിദ് പരിപാലന കമ്മിറ്റി കോടതിയില്‍ രേഖകള്‍ സമര്‍പ്പിച്ചിരുന്നു.
മസ്ജിദ് വഖഫ് സ്വത്താണെന്നും ഹിന്ദുവിഗ്രഹമുണ്ടെന്ന വാദം അടിസ്ഥാനരഹിതമാണെന്നും കമ്മിറ്റി ഭാരവാഹികള്‍ കോടതിയെ അറിയിച്ചു. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ വരാണസിയില്‍ പൊലീസ് സുരക്ഷ ശക്തമാക്കി.