വരാണാസി: ഗ്യാന്‍വാപി മസ്ജിദില്‍ നടന്ന സര്‍വേയുടെ ഫോട്ടോയും വീഡിയോയും പുറത്തുവിടരുതെന്നാവശ്യപ്പെട്ട് വരാണാസി കോടതിയില്‍ ഹര്‍ജി. ഗ്യാന്‍ വാപി മസ്ജിദ് കമ്മിറ്റിയാണ് കോടതിയെ സമീപിച്ചത്.
സര്‍വേ റിപ്പോര്‍ട്ട് പുറത്തു വിട്ടാല്‍ പിന്നീട് പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടാണെന്ന് മസ്ജിദ് കമ്മിറ്റി അഭിഭാഷകന്‍ അഭയ്‌നാഥ് യാദവ് പറഞ്ഞു. റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്നും വീഡിയോയും ഫോട്ടോകളും ബന്ധപ്പെട്ട കക്ഷികള്‍ക്ക് മാത്രമേ നല്‍കാവൂ എന്നും തങ്ങള്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഹര്‍ജിയില്‍ 30ന് വാദം കേള്‍ക്കും മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകരില്‍ ഒരാളായ മിറാജുദ്ദീന്‍ സിദ്ദീഖി പറഞ്ഞു.
മസ്ജിദില്‍ നടത്തിയ സര്‍വേയുടെ ഫോട്ടോയും വീഡിയോയും 30നാണ് കോടതിക്ക് സമര്‍പ്പിക്കുക. കഴിഞ്ഞ ദിവസം നടന്ന വാദത്തിനിടെ ഹിന്ദുസ്ത്രീകളുടെ അപേക്ഷ കേള്‍ക്കാന്‍ കോടതിക്ക് അധികാരമില്ലെന്ന് 1991ലെ ആരാധനാലയ സംരക്ഷണ നിയമം ചൂണ്ടിക്കാട്ടി മസ്ജിദ് കമ്മിറ്റി വാദിച്ചിരുന്നു. മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയെന്ന അഭ്യൂഹം പ്രചരിപ്പിക്കുകയാണെന്നും മസ്ജിദ് കമ്മിറ്റി പരാതിപ്പെട്ടു. സര്‍വേ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പ് കോടതി നിര്‍ദ്ദേശം പ്രകാരം കക്ഷികള്‍ക്ക് നല്‍കി. അതേ സമയം, ഗ്യാന്‍വാപി കേസില്‍ പരാതി നല്‍കിയ വരുടെ കൈയില്‍ തെളിവില്ലെന്ന് മസ്ജിദ് കമ്മിറ്റി വാദിച്ചു.
തെളിവില്ലാത്ത ഹര്‍ജി തുടക്കത്തിലേ തള്ളണമായിരുന്നു. പരാതിയിലെ വൈരുദ്ധ്യങ്ങള്‍ കോടതിയെ രേഖാമൂലം അറിയിച്ചെന്ന് മസ്ജിദ് കമ്മിറ്റി വ്യക്തമാക്കി.