ഫിര്‍ദൗസ് കായല്‍പ്പുറം
തിരുവനന്തപുരം: പുതുവൈപ്പിനിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ എല്‍.പി.ജി ടെര്‍മിനലിനെതിരായുള്ള നാട്ടുകാരുടെ സമരത്തിനു നേരെയുണ്ടായ പൊലീസ് നടപടി സര്‍ക്കാരിന് തലവേദനയാകുന്നു. സമവായത്തിലെത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ വിളിച്ചിരിക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് സമരസമിതി അറിയിച്ചതും പൊലീസ് നടപടിക്കെതിരെ ഭരണപക്ഷത്തുനിന്നുതന്നെ എതിര്‍ശബ്ദമുയര്‍ന്നതുമാണ് സര്‍ക്കാരിനെ വെട്ടിലാക്കിയത്.
മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സര്‍ക്കാരിനെതിരെ രംഗത്തെത്തിയതോടെ പൊലീസിന്റെ വീഴ്ച മറച്ചുവെക്കാനുള്ള ആഭ്യന്തരവകുപ്പിന്റെ ശ്രമവും പാളി. എന്നാല്‍ സമരക്കാര്‍ക്ക് പിന്നില്‍ തീവ്രവാദികളുണ്ടെന്ന ആരോപണവുമായി സ്വന്തം ഭാഗം ന്യായീകരിക്കാനുള്ള ശ്രമം പൊലീസ് തുടരുകയാണ്.
ലോ അക്കാദമി, മഹിജ സമരങ്ങളിലെന്ന പോലെ വി.എസും സി.പി.ഐയും സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ചത് പിണറായിക്ക് പുതിയ വെല്ലുവിളിയായി. നിലമ്പൂരിലെ വ്യാജ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ സംഭവത്തില്‍ സ്വീകരിച്ചതിന് സമാനമായ വികാരത്തോടെയാണ് സി.പി.ഐ വിഷയത്തെ സമീപിച്ചിരിക്കുന്നത്. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് വി.എസും കാനവും സി.പി.ഐ ജില്ലാ നേതൃത്വവും ആവശ്യപ്പെട്ടുകഴിഞ്ഞു. ഇതിനിടെ സമരക്കാരെ കായികമായി നേരിട്ട പൊലീസ് നടപടി തെറ്റാണെന്ന് തുറന്നടിച്ച് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ രംഗത്തെത്തി. സമരങ്ങളെ അടിച്ചമര്‍ത്തുന്നത് സര്‍ക്കാര്‍ നിലപാടല്ല. പുതുവൈപ്പിനിലെ എല്‍.പി.ജി ടെര്‍മിനല്‍ നിര്‍മ്മാണം നിര്‍ത്തിവെക്കുമെന്ന് താന്‍ ഉറപ്പുനല്‍കിയിട്ടില്ല. താനുമായി നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങളെ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും മന്ത്രി പ്രതികരിച്ചു.
എല്‍.പി.ജി സംഭരണശാല അടച്ചുപൂട്ടുംവരെ സമരവുമായി മുന്നോട്ടു പോകുമെന്നും മുന്‍വിധികളോടെയാണ് സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചിരിക്കുന്നതെന്നും സമരസമിതി പറയുന്നു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ സ്ഥലം എം.എല്‍.എ എസ്.ശര്‍മ പൊലീസ് നടപടിക്കെതിരായി ശക്തമായി രംഗത്തുണ്ട്. നേരത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണ്ട് സമരക്കാര്‍ പരാതി ധരിപ്പിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ചക്ക് കളമൊരുങ്ങിയെങ്കിലും നടന്നില്ല. ഇതിനിടയിലാണു പൊലീസ് മര്‍ദനം വിവാദമായത്.
മുന്‍പ് നടന്ന ചര്‍ച്ചകളില്‍ ഏകപക്ഷീയ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നാണ് സമരക്കാരുടെ പരാതി. സംഭരണശാല അടച്ചുപൂട്ടാതെയുള്ള ഒരു ഒത്തുതീര്‍പ്പിനും വഴങ്ങില്ലെന്നാണ് സമരസമിതിയുടെ നിലപാട്. ടെര്‍മിനല്‍ നിര്‍മാണം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ആഴ്ചകളായി ഇവിടെ സമരം നടക്കുകയാണ്. കഴിഞ്ഞ 14നും 16നും സമരക്കാര്‍ക്ക് നേരെ പൊലീസ് നടപടിയുണ്ടായി. തുടര്‍ന്നു ഫിഷറീസ് മന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അന്തിമവിധി വരുന്നതുവരെ നിര്‍മാണം നിര്‍ത്തിവെക്കാമെന്നും പദ്ധതി പ്രദേശത്തുനിന്നു പൊലീസിനെ പിന്‍വലിക്കാമെന്നും ധാരണയായതായി സമരക്കാര്‍ പറയുന്നു. സമരം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കാനും തീരുമാനമായിരുന്നു.