X

ആരാധനാലയങ്ങളുടെ പരിസരം നിശബ്ദ മേഖലയാക്കി പ്രഖ്യാപിച്ച് അസം സര്‍ക്കാര്‍

ഗുവഹാത്തി: അസമിലെ ഗുവഹാത്തിയില്‍ എല്ലാ ആരാധനാലയ പരിസരങ്ങളും നിശബ്ദ മേഖലയാക്കി അസം സര്‍ക്കാര്‍. അസം സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരം കാംരൂപ് ജില്ലാ മജിസ്‌ട്രേറ്റാണ് നിര്‍ണായക പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അമ്പലം, പള്ളി, ഗുരുദ്വാര്‍, ചര്‍ച്ച് തുടങ്ങിയ ആരാധനാലയങ്ങളുടെ 100 മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങള്‍ നിശബ്ദ മേഖലയായി പ്രഖ്യാപിച്ച നിയമത്തിന് കീഴില്‍ വരും. വെള്ളിയാഴ്ച വൈകീട്ട് പുറപ്പെടുവിച്ച ആജ്ഞയെത്തുടര്‍ന്ന് ഈ പ്രദേശത്തെ ശബ്ദമലിനീകരണത്തെക്കുറിച്ച് മാസാന്ത റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റ് എം അംഗമുത്തു സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് ആവശ്യപ്പെട്ടു.

അസം സര്‍ക്കാര്‍ സമര്‍പ്പിച്ച പരാതിയിന്മേല്‍ എടുത്ത നടപടിയില്‍ പ്രകൃതി സംരക്ഷണ ആക്ട് 1986ന് കീഴിലെ ശബ്ദ മലിനീകരണ നിയമം 2000ത്തിലെ റൂള്‍ 3(2) പ്രകാരമാണ് ഇത്തരമൊരു തീരമാനം കൈക്കൊണ്ടിരിക്കുന്നത്. രാത്രി 10നും രാവിലെ 6നുമിടയിലുള്ള സമയം ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. ഗവണ്‍മെന്റ്, സ്വകാര്യ ആസ്പത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹൈക്കോടതി, ജില്ല-സെഷന്‍സ് കോടതി തുങ്ങി എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും നിശബ്ദ മേഖലാ പരിധിയില്‍ വരുമെന്ന് അംഗമുത്തു വ്യക്തമാക്കി.

നേരത്തേ, പള്ളിയില്‍ നിന്നുമുള്ള ബാങ്ക് വിളി അലോസരപ്പെടുത്തുന്നുവെന്ന പ്രമുഖ ഗായകന്‍ സോനു നിഗമിന്റെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

chandrika: