ചെന്നൈ: ഗുഡ്കാ അഴിമതിയുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ആരോഗ്യമന്ത്രി സി.വിജയഭാസ്‌കര്‍, ഡി.ജി.പി ടി.കെ രാജേന്ദ്രന്‍ എന്നിവരുടെ വീടുകളില്‍ സി.ബി.ഐ റെയ്ഡ് നടത്തി. ഇവര്‍ക്ക് പുറമെ മുന്‍ ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ എസ്.ജോര്‍ജ്, മുന്‍ മന്ത്രി രമണ എന്നിവരുടെ വീടുകളടക്കം 40 കേന്ദ്രങ്ങളിലാണ് ഇന്ന് രാവിലെ സി.ബി.ഐ റെയ്ഡ് നടത്തിയത്.
തമിഴ്‌നാട്ടില്‍ നിരോധിച്ച പുകയില ഉല്‍പന്നങ്ങളുടെ വില്‍പനയുമായി ബന്ധപ്പെട്ട കേസില്‍ ഇക്കഴിഞ്ഞ ഏപ്രിലിലാണ് മദ്രാസ് ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
2017 ജൂലൈ എട്ടിന് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്‌മെന്റ് ഗുഡ്ക, പാന്‍മസാല വ്യാപാരികളുടെ ഗോഡൗണുകളില്‍ നടത്തിയ റെയ്ഡിലാണ് അഴിമതി പുറത്തുവന്നത്. പുകയില വ്യാപാരിയായ മാധവ റാവുവിന്റെ സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ 40 കോടി രൂപ കൈക്കൂലി നല്‍കിയ രാഷ്ട്രീയ നേതാക്കളുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും പേരുവിവരങ്ങളടങ്ങിയ ഡയറി കണ്ടെത്തിയിരുന്നു. നിരോധിച്ച പുകയില ഉല്‍പന്നങ്ങള്‍ കരിഞ്ചന്തയില്‍ വില്‍പനക്ക് അനുവദിക്കാനാണ് കൈക്കൂലി നല്‍കിയത്.