ഭുവനേശ്വര്‍: ജമ്മു കശ്മീരില്‍ കൂട്ട ബലാത്സംഗത്തിനിരയായി എട്ടു വയസ്സുകാരി ആസിഫ കൊല്ലപ്പെട്ട സംഭവം തേച്ചുമായ്ക്കാന്‍ സംഘ് പരിവാര്‍ തീവ്ര ശ്രമം നടത്തുന്നതിനിടെ ആസിഫയുടെ ഓര്‍മകള്‍ കെടാതെ സൂക്ഷിക്കാന്‍ വ്യത്യസ്ത ശ്രമവുമായി ഫുട്‌ബോള്‍ താരം ഗുര്‍വിന്ദര്‍ സിങ്. ഈസ്റ്റ് ബംഗാള്‍ ഡിഫന്ററായ ഗുര്‍വിന്ദര്‍ എ.ഐ.എഫ്.എഫ് സൂപ്പര്‍ കപ്പ് ഫൈനലിനു മുന്നോടിയായുള്ള ഫോട്ടോഷൂട്ടില്‍ ആസിഫയുടെ ചിത്രമടങ്ങുന്ന ടീ ഷര്‍ട്ട് ധരിച്ചാണ് പ്രത്യക്ഷപ്പട്ടത്. ഈ ചിത്രം ഐ-ലീഗിന്റെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പുറത്തുവിടുകയും ചെയ്തു.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ താരമായ ഗുര്‍വിന്ദര്‍ എ.ഐ.എഫ്.എഫ് ഫൈനല്‍ തന്നെ ആസിഫയ്ക്കു വേണ്ടി തെരഞ്ഞെടുത്തത് ശ്രദ്ധേയമായി. ഐ.എസ്.എല്ലിലെയും ഐ-ലീഗിലെയും ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റിന്റെ ഫൈനല്‍ ഒഡിഷയിലെ ഭുവനേശ്വറിലാണ് നടന്നത്. ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അടക്കം നിരവധി പ്രമുഖര്‍ കളി കാണാനെത്തിയിരുന്നു.
31-കാരനായ ഗുര്‍വിന്ദര്‍ സിങ് പഞ്ചാബിലെ ജലന്ധര്‍ സ്വദേശിയാണ്. ഈസ്റ്റ് ബംഗാള്‍ താരമായ ഗുര്‍വിന്ദര്‍ 2014 മുതല്‍ 2016 വരെ ലോണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സില്‍ കളിച്ചിരുന്നു.
മത്സരത്തില്‍ ഈസ്റ്റ് ബംഗാള്‍ ആദ്യം ലീഡെടുത്തെങ്കിലും നാലു ഗോള്‍ തിരിച്ചടിച്ച് ബെംഗളുരു എഫ്.സി കിരീടം നേടി. ക്ലബ്ബ് രൂപീകരിച്ച ശേഷം എല്ലാ സീസണിലും മേജര്‍ കിരീടം എന്ന നേട്ടം നിലനിര്‍ത്താനും ഇതോടെ ബെംഗളുരുവിനായി.