X

ഡെങ്കിപ്പനി ബാധിച്ച് മരിച്ച ഏഴു വയസുകാരിക്ക് 18 ലക്ഷത്തിന്റെ ആസ്പത്രി ബില്‍

ന്യൂഡല്‍ഹി: ഏഴു വയസുകാരി ഡെങ്കിപ്പനി ബാധിച്ച് മരിച്ചതിന പിന്നാലെ കുടുംബത്തിന് 18 ലക്ഷം രൂപയുടെ ആസ്പത്രി ബില്‍. ഹരിയാനയിലെ ഗുരുഗ്രാം ഫോര്‍ട്ടിസ് ആസ്പത്രി അധികൃതരുടെതാണ് കണ്ണില്‍ ചോരയില്ലാത്ത ഈ നടപടി. 15 ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ കിടന്ന ശേഷമാണ് ആദ്യ സിങ് എന്ന പെണ്‍കുട്ടി മരിച്ചത്. ഡോപ്ഫ്‌ളേട്ട് എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ആസ്പത്രിയുടെ കിരാത നടപടി പുറത്തുകൊണ്ടു വന്നത്.

തന്റെ സഹപാഠിയുടെ മകളാണ് പെണ്‍കുട്ടിയെന്നും ഇയാള്‍ വ്യക്തമാക്കി. കുട്ടിയെ പരിചരിക്കാന്‍ 2700 കയ്യുറകള്‍ ഉപയോഗിച്ചതിന് ബില്ലില്‍ പണം ഈടാക്കിയതായും ഇവര്‍ ആരോപിച്ചു.

റോക്ലാന്റ് ആസ്പത്രിയില്‍ നിന്നും കുട്ടിയെ ഫോര്‍ട്ടിസിലേക്ക് മാറ്റുകയായിരുന്നെന്ന് പിതാവ് പറഞ്ഞു. ഇവിടെ മതിയായ ചികില്‍ നല്‍കാന്‍പോലും ഡോക്ടര്‍മാര്‍ തയ്യാറായില്ല. രക്ഷപ്പെടില്ലെന്ന് ഉറപ്പായിട്ടും ഐ.സി.യുവില്‍ കുറെ ദിവസം കിടത്തി. തങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് എം.ആര്‍.ഐ പരിശോധന നടത്തിയത്. 80 ശതമാനത്തോളെ മസ്തിഷ്‌കം നശിച്ചെന്ന് അതില്‍ നിന്ന് വ്യക്തമായതായും പിതാവ് പറഞ്ഞു. കുട്ടിയുടെ മൃതദേഹം കൊണ്ടുപോകാന്‍ ആസ്പത്രി അധികൃതര്‍ ആംബുലന്‍സ് വിട്ടുനല്‍കിയില്ലെന്നും മരണ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചില്ലെന്നും ആരോപണമുണ്ട്. എന്നാല്‍ എല്ലാവിധ പ്രോട്ടോക്കോളും അനുസരിച്ചാണ് കുട്ടിയെ പരിശോധിച്ചതെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചു.

chandrika: