X

പൊളിച്ചുനീക്കിയ ക്ഷേത്രം പുനര്‍നിര്‍മ്മിക്കണമെന്ന ആവശ്യവുമായി മുസ്‌ലിം സംഘടനകള്‍

ന്യൂഡല്‍ഹി: സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് ഡല്‍ഹി വികസന അതോറിറ്റി പൊളിച്ചുനീക്കിയ തുഗ്ലക്കാബാദിലെ ഗുരു രവിദാസ് ക്ഷേത്രം പുനര്‍നിര്‍മ്മിക്കണമെന്ന ആവശ്യവുമായി മുസ്‌ലിം സംഘടനകള്‍.
അഞ്ചു നൂറ്റാണ്ടിലധികമായി ദലിതുകള്‍ ആരാധിക്കുന്ന ക്ഷേത്രം പൊളിച്ചുനീക്കിയത് വേദനാജനകമാണെന്ന് ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗം മുഫ്തി ഇയാസ് ഖാസിമി, അന്‍ജുമാന്‍ ഇ ഹൈദരി ജനറല്‍ സെക്രട്ടറി സയ്യിദ് ബഹാദൂര്‍ അബ്ബാസ് നഖ്‌വി, ലക്‌നോ വാലി മസ്ജിദ് ഇമാം മൗലാന ഫസലുല്‍ മനാന്‍ സാഹി എന്നിവര്‍ പറഞ്ഞു. ദലിത് സഹോദരങ്ങളുടെ ദു:ഖത്തില്‍ ഞങ്ങളും പങ്കുചേരുന്നു. ക്ഷേത്രം യഥാസ്ഥാനത്ത് പുനര്‍നിര്‍മ്മിക്കാന്‍ എല്ലാ പിന്തുണയും നല്‍കും. ബാബരി മസ്ജിദ് വിഷയത്തില്‍ ഞങ്ങളും ഇതേവേദനയിലൂടെ കടന്നുപോകുന്നവരാണ്- മൗലാന ഫസലുല്‍ മനാന്‍ സാഹി പറഞ്ഞു.
സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് സര്‍ക്കാര്‍ അനുകൂലവിധി നേടിയതെന്ന് അബ്ബാസ് നഖ്‌വി കുറ്റപ്പെടുത്തി. കോടതി ഉത്തരവിനെ തുടര്‍ന്ന് ആഗസ്ത് 10നാണ് രവിദാസിയ സമുദായത്തിന്റെ ആചാര്യനായ ഗുരു രവിദാസിന്റെ പേരിലുള്ള ക്ഷേത്രം പൊളിച്ചുനീക്കിയത്. ഇതിനെതിരെ പ്രതിഷേധിച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഉള്‍പ്പെടെ 95 പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ക്ഷേത്രം പുനര്‍നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ശ്രീ ഗുരുദാസ് സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തില്‍ വിവിധ ദലിത് സംഘടനകള്‍ പ്രതിഷേധം തുടരുകയാണ്.

ഈമാസം 15ന് ദലിത് സംഘടനകളുടെ നേതൃത്വത്തില്‍ ക്ഷേത്രം നിലനിന്നിരുന്ന വനപ്രദേശത്തേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ മുസ്‌ലിം സംഘടനകളും മാര്‍ച്ചില്‍ പങ്കെടുക്കും.

chandrika: