X

ലൈംഗിക പീഡനത്തിന് ഗുര്‍മീത് സിങ് ‘കൂട്ടുപിടിച്ചത്’ ഭഗവാന്‍ കൃഷ്ണനെ

ഛണ്ഡീഗഡ്: ഭക്തരെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന് ഗൂര്‍മീത് ഉപയോഗിച്ചത് ഹൈന്ദവ ആരാധനാമൂര്‍ത്തിയായ ശ്രീകൃഷ്ണന്റെ കഥകളെ. പീഡനത്തിനിരയായ യുവതി മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കും അന്നത്തെ പഞ്ചാബ് – ഹരിയാനാ ചീഫ് ജസ്റ്റിസിനും അയച്ച കത്തിലാണ് ഇതേക്കുറിച്ച് പരാമര്‍ശിക്കുന്നത്. ലൈംഗിക പീഡനക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹിമിനെതിരായ അന്വേഷണത്തിലേക്ക് വഴി തുറന്നത് 2002ല്‍ തന്റെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്താതെ യുവതി അയച്ച ഈ കത്തായിരുന്നു.

യുവതി അയച്ച കത്ത്

കത്തിലെ വാക്കുകള്‍ ഇങ്ങനെ:

”ഗുര്‍മീത് റാം റഹിമിന്റെ അടുത്ത അനുയായികളായിരുന്നു തന്റെ കുടുംബം. ആ നിലയിലാണ് താന്‍ സന്യാസിനിയായി ആശ്രമത്തില്‍ എത്തിയത്. ദേരാ സിര്‍സയിലെ ആദ്യ രണ്ടു വര്‍ഷത്തെ ജീവിതം തന്നില്‍ വലിയ മതിപ്പുണ്ടാക്കി. വലിയ ആദരവോടെയാണ് ദേരാ തലവനെ കണ്ടിരുന്നത്. മാഹാരാജ് ജി എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. ഒരു ദിവസം അദ്ദേഹം തന്നെ ഗുഫ(ഭൂഗര്‍ഭ വസതി)യിലേക്ക് വിളിപ്പിച്ചു. സമയം രാത്രി 10 മണിയായിരുന്നു. ഗുഫയിലേക്ക് കടക്കുമ്പോള്‍ മഹാരാജ് ബെഡില്‍ ഇരിക്കുന്നതാണ് കണ്ടത്. കൈയില്‍ റിമോട്ടുമായി അശ്ലീല സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. തലയിണയുടെ ചുവട്ടില്‍ ഒരു റിവോള്‍വറും ഉണ്ടായിരുന്നു. വലിയ ഞെട്ടലാണ് ആ കാഴ്ച തന്നിലുണ്ടാക്കിയത്. ഇതുപോലൊരു രീതിയില്‍ ഒരിക്കലും മഹാരാജിനെ കാണുമെന്ന് ധരിച്ചിരുന്നില്ല. അടുത്തിരിക്കാന്‍ ക്ഷണിച്ച അദ്ദേഹം ഏറ്റവും ഇഷ്ടപ്പെട്ട സന്യാസിനി പട്ടം നിങ്ങള്‍ക്ക് സമ്മാനിക്കാന്‍ പോകുകയാണെന്ന് അറിയിച്ചു.

എന്നാല്‍ അദ്ദേഹത്തിന്റെ ചേഷ്ടകള്‍ എന്നില്‍ നീരസമുണ്ടാക്കി. അടുത്തിരിക്കാന്‍ വിസമ്മതം പ്രകടിപ്പിച്ചു. താന്‍ ദൈവം തന്നെയാണെന്നായിരുന്നു ഗുര്‍മീതിന്റെ പ്രതികരണം. ദൈവങ്ങള്‍ ഇതുപോലുള്ള പ്രവൃത്തികള്‍ ചെയ്യുമോ എന്ന ചോദ്യത്തിന്, എന്താണ് സംശയമെന്നായിരുന്നു മറുപടി. ഇത് പുതിയ കാര്യമൊന്നുമല്ല. കഴിഞ്ഞ അഞ്ചു വര്‍ഷമായി നടന്നുകൊണ്ടിരിക്കുന്നതു തന്നെയാണ്. ഭഗവാന്‍ കൃഷ്ണന് ദിവസവും മാറിമാറി പ്രണയിക്കാന്‍ 360 ഗോപികമാര്‍ ഉണ്ടായിരുന്നു. എന്നിട്ടും കൃഷ്ണനെ ജനം ദൈവമായി ആരാധിക്കുന്നില്ലേ…
നിഷേധം തുടര്‍ന്നതോടെ ആശ്രമത്തിനു പുറത്തെറിയുമെന്നും കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തി. ഒടുവില്‍ വഴങ്ങേണ്ടിവന്നു. തുടര്‍ന്നുള്ള മൂന്നു വര്‍ഷം ദേരാ തലവന്റെ പീഡനം തുടര്‍ന്നു. താന്‍ മാത്രമല്ല, ആശ്രമത്തിലെ പല സന്യാസിനികളും ഇത്തരത്തില്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്.

തിരിച്ചറിഞ്ഞാല്‍ കൊല്ലപ്പെടുമെന്ന ഭയമുള്ളതിനാലാണ് കത്തില്‍ പേരു പറയാത്തത്. ദേരാ ആശ്രമത്തിലെ സന്യാസിനികളെ ആത്മവിശ്വാസത്തിലെടുക്കാന്‍ കഴിഞ്ഞാല്‍ നിയമത്തിനു മുന്നില്‍ അവര്‍ എല്ലാം തുറന്നുപറയും. മെഡിക്കല്‍ പരിശോധനക്ക് വിധേയരാക്കിയാല്‍ ഞങ്ങളില്‍ എത്രപേര്‍ ഇപ്പോഴും കന്യകമാരായിട്ടുണ്ട് എന്ന് കണ്ടെത്താം. 30-40 സ്ത്രീകളെങ്കിലും ഇത്തരം പീഡനങ്ങളെതുടര്‍ന്ന് ജീവഭയം നേരിടുന്നവരാണെന്ന് പറഞ്ഞുകൊണ്ടാണ് കത്ത് അവസാനിക്കുന്നത്.

കത്തിന്റെ അടിസ്ഥാനത്തില്‍ പഞ്ചാബ് -ഹരിയാന ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയല്‍ 2002 സെപ്തംബര്‍ മൂന്നിന് സ്വയമേവ കേസെടുക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു.

chandrika: