ചണ്ഡിഗഢ്: ബലാത്സംഗ കേസില്‍ 20 വര്‍ഷം തടവുശിക്ഷ വിധിച്ച ദേര സച്ച സൗധ തലവന്‍ ഗുര്‍മീത് റാം റഹിമിന്റെ രണ്ടു അനുയായികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ദേര സച്ച സൗദയുടെ സജീവ പ്രവര്‍ത്തകനായ പ്രദീപ് ഗോയല്‍, ദേര വക്താവ് ആദിത്യ ഇന്‍സാന്റെ മരുമകന്‍ പ്രകാശ് (വിക്കി) എന്നിവരാണ് പിടിയിലായത്.
ഗുര്‍മീത് ശിക്ഷിക്കപ്പെട്ട ദിവസമുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. പ്രദീപിനെ രാജസ്ഥാനിലെ ഉദയ്പൂരില്‍ നിന്നും പ്രകാശിനെ പഞ്ചാബിലെ മൊഹാലിയില്‍ നിന്നുമാണ് പിടികൂടിയത്. ദേരയുടെ ഉദയ്പൂര്‍ ആശ്രമത്തിന്റെ ചുമതല പ്രദീപിനായിരുന്നു. ഇവരുടെ കൂട്ടാളിയായ വിജയ് കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ആഗസ്റ്റ് 25ന് അരങ്ങേറിയ അക്രമസംഭവങ്ങളുങ്ങളില്‍ ഇവര്‍ക്ക് നേരിട്ട് ബന്ധമുണ്ട്.
അക്രമങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും ഇത് പരിശോധിച്ച ശേഷം കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും പഞ്ചകുള ഡി.വൈ.എസ്.പി മന്‍ബിര്‍ സിങ് പറഞ്ഞു. അതേസമയം ഗുര്‍മീതിന്റെ ദത്തുപുത്രി ഹണിപ്രീത് നേപ്പാളിലേക്ക് രക്ഷപ്പെട്ടതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഹണി പ്രീതിനെ ഇതുവരെ കണ്ടുപിടിക്കാന്‍ സാധിച്ചിട്ടില്ലെന്നും അവര്‍ നേപ്പാളിലേക്ക് കടന്നതായി സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അറസ്റ്റിലായ പ്രദീപിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഹണി പ്രീത് നേപ്പാളിലേക്ക് കടന്നു കളഞ്ഞെന്ന സൂചന പൊലീസിന് ലഭിച്ചത്. കേസില്‍ വിധി വരുന്ന ദിസം പഞ്ചകുളയിലെ സി.ബി.ഐ കോടതിക്ക് മുന്നിലെത്താന്‍ തനിക്ക് നിര്‍ദ്ദേശം ലഭിച്ചിരുന്നുവെന്നും അവിടെയെത്തുന്ന ഓരോരുത്തര്‍ക്കും 25000 രൂപ വീതം ഗുര്‍മീത് വാഗ്ദാനം ചെയ്തുവെന്നും പ്രദീപ് മൊഴി നല്‍കിയിട്ടുണ്ട്.
നേരത്തെ ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും പഞ്ചാബ് റജിസ്‌ട്രേഷനിലുള്ള വാഹനം പിടികൂടിയിരുന്നു. ഇത് ഹണിപ്രീത് രക്ഷപ്പെടാന്‍ ഉപയോഗിച്ച വാഹനാമാണെന്ന സൂചനയെ തുടര്‍ന്ന് ഈമേഖലയില്‍ പൊലീസ് നിരീക്ഷണം ഏര്‍പ്പെത്തുകയും ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ ലുക്കൗട്ട് നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്. അതേസമയം നേപ്പാളില്‍ ഹണിപ്രീതിന്റെ ഒളിത്താവളത്തെക്കുറിച്ച് വിശ്വസനീയമായ വിവരം ലഭിച്ചിട്ടില്ലെന്നും ഇത് ഉടന്‍ കണ്ടെത്തുമെന്നും പൊലീസ് വ്യക്തമാക്കി.