ബലാത്സംഗക്കേസില്‍ ജയിലിലായ സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീമിനുള്ള ശിക്ഷ കോടതി നാളെ വിധിക്കും. കഴിഞ്ഞ ദിവസം കുറ്റക്കാരനാണെന്ന് വിധിച്ച കോടതി നടപടിയെതുടര്‍ന്ന് അഞ്ചു സംസ്ഥാനങ്ങളില്‍ സംഘര്‍ഷം ഉലെടുത്തിരുന്നു. ഒട്ടേറെ പേര്‍ മരിക്കുകയും ചെയ്തു.
നാളെയാണ് കുറ്റക്കാരാനാണെന്ന് കണ്ടെത്തിയ ഗുര്‍മീതിനുള്ള ശിക്ഷ വിധിക്കുന്നത്. നിലവില്‍ സംഘര്‍ഷം നടക്കുന്നതിനാല്‍ ഗുര്‍മീതിനെ കോടതിയില്‍ ഹാജരാക്കില്ല. പകരം ജയിലില്‍വെച്ച് തന്നെ ശിക്ഷ പ്രഖ്യാപിക്കും. പ്രത്യേക സിബിഐ കോടതി ജഡ്ജി തിങ്കളാഴ്ച്ച റോത്തക്ക് ജയിലിലെത്തി റാം റഹീം സിങിന്റെ ശിക്ഷ വിധിക്കും. വിധി പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ ദേരാ സച്ചാ സൗദ ആസ്ഥാനത്തെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ആയിരം ഏക്കറോളം സ്ഥലത്താണ് ആശ്രമം സ്ഥിതിചെയ്യുന്നത്. ഇവിടെ തമ്പടിച്ചിരിക്കുന്ന 30,000 ഓളം അനുയായികളുണ്ടെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ മൈക്കിലൂടെ ഉച്ചത്തില്‍ ആശ്രമം വിട്ടുവരാന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും അനുയായികള്‍ ചെവിക്കൊള്ളാത്ത സാഹചര്യമാണ്. കൂടാതെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള അനുയായികളും ഇവിടേക്ക് കടന്നിട്ടുണ്ടെന്ന് സൂചനയുണ്ട്. കലാപം പൊട്ടിപ്പുറപ്പെട്ട അഞ്ചു സംസ്ഥാനങ്ങള്‍ നാളത്തെ വിധിയോടെ കൂടുതല്‍ സംഘര്‍ഷത്തിലെക്കുന്നതിനാണ് സാധ്യത.എന്നാല്‍ ആശ്രമത്തിനകത്തേക്ക് സൈന്യത്തിന് പ്രവേശനമുണ്ടായിരിക്കില്ല. ജയില്‍ സ്ഥിതി ചെയ്യുന്ന റോത്തക്കിലേക്ക് അനുയായികളേയും പ്രവേശിപ്പിക്കില്ല. ഇവിടെ 287 കമ്പനി അര്‍ദ്ധസൈനിക വിഭാഗത്തെയാണ് വിന്യസിച്ചിരിക്കുന്നത്.
കോടതി വിധി ഗുര്‍മീതിന് അനുകൂലമല്ലെങ്കില്‍ സംഘര്‍ഷമുണ്ടാകുമെന്നുള്ള മുന്നറിയിപ്പ് നല്‍കിയിട്ടും വേണ്ടത്ര രീതിയിലുള്ള മുന്നൊരുക്കങ്ങള്‍ നടത്താന്‍ സര്‍ക്കാരും കേന്ദ്രസര്‍ക്കാരും തയ്യാറാകാത്തതിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ നാളത്തെ വിധി നേരിടുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍.