X

ഹെലികോപ്റ്ററില്‍ ഗുര്‍മീതിനൊപ്പം പോയ ഹണിപ്രീത് ആര്?; പിന്‍ഗാമിയോ?

ചണ്ഡീഗഢ്: ബലാത്സംഗക്കേസില്‍ കോടതി കുറ്റവാളിയായി വിധിച്ച ആള്‍ദൈവം ഗുര്‍മീത് റാം സിങ്ങിന്റെ പിന്‍ഗാമിയായി ഹണിപ്രീത് എത്തുമെന്ന് സൂചന. കുറ്റക്കാരാനായി വിധിച്ച ഗുര്‍മീതിനെ റോത്തക്കിലേക്ക് കൊണ്ടുപോകുമ്പോള്‍ ഹെലികോപ്റ്ററില്‍ അയാള്‍ക്കൊപ്പം ദത്തുപുത്രിയായ പ്രിയങ്ക തനേജയും ഉണ്ടായിരുന്നു. ഹണിപ്രീത് എന്നും അറിയപ്പെടുന്ന ദത്തുപുത്രിയാണ് ഗുര്‍മീതിന്റെ പിന്‍ഗാമിയായെത്തുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആയിരം ഏക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നതാണ് ഗുര്‍മീതിന്റെ ആശ്രമം. ഇന്ന് കോടതി ശിക്ഷ പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ ഗുര്‍മീത് പൂര്‍ണ്ണമായും ശിക്ഷ നേരിടും. ഏഴുവര്‍ഷം തടവിനൊപ്പം വന്‍തുക പിഴയും നല്‍കാനായിരിക്കും കോടതി വിധിയെന്നാണ് പുറത്തുവരുന്ന സൂചന. സകലകലാവല്ലഭനായ ഗുര്‍മീതിനെപ്പോലെത്തന്നെ സിനിമയിലും പരിചയമുള്ളയാളാണ് ഹണിപ്രീത്. സംവിധാനം, എഡിറ്റിങ്ങ്, അഭിനയം തുടങ്ങി സിനിമയുടെ എല്ലാ മേഖലകളിലും കൈവെച്ചിട്ടുള്ള ഇവര്‍ കൂടുതലും ഗുര്‍മീതിന്റെ സിനിമകള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്.

സാമൂഹിക മാധ്യമങ്ങളില്‍ അഞ്ചു ലക്ഷത്തോളം ഫോളാവേഴ്‌സുണ്ട് ഇവര്‍ക്ക്. ആശ്രമവുമായി ബന്ധപ്പെട്ട വിശ്വാസ് ഗുപ്തയെയാണ് ഹര്‍പ്രീത് വിവാഹം ചെയ്തിരിക്കുന്നത്. ഹരിയാനയിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കന്‍മാരുമായി ബന്ധമുള്ള ഹര്‍പ്രീതിനെ 2009-ലാണ് ഗുര്‍മീത് ദത്തുപുത്രിയാക്കിയത്.

ഗുര്‍മീത് റാം റഹീം സിംഗിന്റെ പബ്ലിസിറ്റി വര്‍ദ്ധിപ്പിക്കാന്‍ വേണ്ട തന്ത്രങ്ങല്‍ ഒരുക്കുകയാണ് വളര്‍ത്തു മകളുടെ പ്രധാന ചുമതല. ഗുര്‍മീതിന് മൂന്നുമക്കളുണ്ടെങ്കിലും ആശ്രമത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്തം ഹര്‍മീതിനാണ്. ദേരാ സച്ചാ സൗദയുടെ സാമ്പത്തിക ഇടപാടുകളും ഹര്‍പ്രീത് തന്നെയാണ് കൈകാര്യം ചെയ്യുന്നത്. കോടതിവിധിയോടെ ഗുര്‍മീത് അകത്തായെങ്കിലും ദേരാ സച്ചാ സൗദയുടെ ഭാവി ഇനി ഹര്‍പ്രീതിന്റെ കൈകളില്‍ തന്നെയായിരിക്കും. എന്നാല്‍ കോടതിയുടെ ശക്തമായ ഇടപെടല്‍ ദേരാ സച്ചായെ എങ്ങനെ ബാധിക്കുമെന്ന് കാത്തിരിക്കേണ്ടതാണ്.

ബലാത്സംഗക്കേസില്‍ ഗുര്‍മീതിന്റെ ശിക്ഷ ഇന്ന് ഉച്ചക്ക് പ്രഖ്യാപിക്കും. റോത്തക്കിലെ സുനരിയയിലെ ജയിലിലാണ് ശിക്ഷ വിധിക്കുന്നത്. വിധി പുറത്തുവന്നാല്‍ കലാപത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ട്.

chandrika: