ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയ ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാംറഹീം സിങിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചത് വീണ്ടും വൈറല്‍. സ്വച്ഛ്ഭാരത് പദ്ധതിയുടെ ഭാഗമായി ശൗചാലയങ്ങള്‍ നിര്‍മിച്ചതിനെത്തുടര്‍ന്നാണ് ഗുര്‍മീതിനെ പ്രശംസിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.
‘ബാബാ റാം റഹീംജിയുടെയും അദ്ദേഹത്തിന്റെ സംഘത്തിന്റെയും പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണ്. ഇന്ത്യയിലുടനീളം ജനങ്ങളെ സ്വച്ഛ് ഭാരത് പദ്ധതിയില്‍ പങ്കാളിയാകാന്‍ ഇത് പ്രചോദിപ്പിക്കും.’-ഇങ്ങനെയായിരുന്നു മോദി അന്ന് ഗുര്‍മീത് റാമിനെ പ്രശംസിച്ചത്. ഇത് പിന്നീട് ഗുര്‍മീത് തന്റെ പരസ്യവാചകമാക്കി മാറ്റുകയും ചെയ്തു.
പീഡനക്കേസിലും കൊലപാതകക്കേസിലും പ്രതിയായിട്ടും ഗുര്‍മീത് ബിജെപിക്കും മോദിക്കും വിശ്വസ്തനായിരുന്നു. അടുത്ത് നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിക്ക് വോട്ട് ചെയ്യാന്‍ ഗുര്‍മീത് സിങ് പരസ്യ ആഹ്വാനം നല്‍കിയത് ഇതിനു തെളിവാണ്. യു.പി നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിക്ക് പരസ്യ പിന്തുണ നല്‍കിയിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവില്‍ മാഫിയ പ്രവര്‍ത്തനം നടത്തിയ ഗുര്‍മീത് നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.