X

ഗുര്‍മീത് റാംറഹീം സിങിന്റെ വസതിയില്‍ നിന്ന് വനിതാ ഹോസ്റ്റലിലേക്ക് തുരങ്കം

ഛണ്ഡിഗഡ്: മാനഭംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ദേരാ സച്ചാ സൗദാ നേതാവ് ഗുര്‍മീത് റാംറഹീം സിങിന്റെ ആശ്രമത്തിനുള്ളില്‍ രണ്ട് തുരങ്കകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം വന്‍ സുരക്ഷാ സന്നാഹങ്ങളുടെ പശ്ചാത്തലത്തില്‍ നടത്തിയ പരിശോധനയിലാണ് തുരങ്കങ്ങള്‍ കണ്ടെത്തിയത്.

തുരങ്കങ്ങളില്‍ ഒന്ന് ഗുര്‍മീത് സിങിന്റെ സ്വകാര്യ വസതിയില്‍ നിന്ന് ആരംഭിച്ച് ആശ്രമത്തിലെ വനിതാ ഹോസ്റ്റലില്‍ അവസാനിക്കുന്നതാണ്. മറ്റൊന്ന് ആശ്രമത്തിനുള്ളില്‍ നിന്ന് ആരംഭിച്ച് അഞ്ചു കിലോമീറ്റര്‍ അകലെ റോഡിലേക്കു തുറക്കുന്നതാണ്.

അത്യാവശ്യ ഘട്ടങ്ങളില്‍ ഗുര്‍മീതിനും മറ്റും ആശ്രമത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴിയാകാമെന്ന് രണ്ടാമത്തെ തുരങ്കമെന്നാണ് പൊലീസ് നിഗമനം.

അത്യാഢംബര കെട്ടിടങ്ങളായ പാരിസിലെ ഈഫല്‍ ടവര്‍, ആഗ്രയിലെ താജ് മഹല്‍, ഫ്‌ളോറിഡയിലെ ഡിസ്‌നി വേള്‍ഡ്, മോസ്‌കോയിലെ ക്രെംലിന്‍ കൊട്ടാരം തുടങ്ങിയവയുടെ അനുകരണ നിര്‍മിതികളും ആശ്രമത്തിനുള്ളിലുണ്ട്.

സ്‌ഫോടക വസ്തു നിര്‍മാണശാലയും ആശ്രമപരിസരത്ത് കണ്ടെത്തി. ഇവിടെ നിന്ന് 85 പെട്ടി സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. സ്‌ഫോടക വസ്തുക്കള്‍ ഫോറന്‍സീക് പരിശോധനക്കായി അയച്ചു.

chandrika: