ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ കോടതി ശിക്ഷിച്ച ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിങിന്റെ വളര്‍ത്തു മകള്‍ ഹണിപ്രീത് സിങ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കെതിരെ രംഗത്ത്. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കുകയാണെങ്കില്‍ ബലാത്സംഗക്കേസുകളില്‍ നിന്ന് ഒഴിവാക്കി തരാമെന്ന് അമിത് ഷാ വാഗ്ദാനം ചെയ്തിരുന്നതായി ഹണിപ്രീത് പറഞ്ഞു. രണ്ടു ബലാത്സംഗക്കേസുകളിലായി 20 വര്‍ഷത്തെ കഠിന തടവിന് സ്വയം പ്രഖ്യാപിത് ആള്‍ദൈവം ഗുര്‍മീതിനെ കോടതി ശിക്ഷിച്ചതിനു പിന്നാലെയാണ് വെളിപ്പെടുത്തലുമായി മകള്‍ രംഗത്തുവന്നത്. വോട്ടു തന്നാല്‍ പീഡനക്കേസില്‍ നിന്ന് ഒഴിവാക്കാമെന്ന് അമിത് ഷാ തന്നെ നേരിട്ട് ഉറപ്പു നല്‍കുകയായിരുന്നു. ബിജെപിയുടെ ദേശീയ നേതാക്കളില്‍ ഒരാളായ അനില്‍ ജെയിനെയാണ് ആദ്യം ഗുര്‍മീത് കണ്ടത്. പിന്നീട് അനില്‍ ജെയിന്‍ വഴിയാണ് അമിത് ഷായെ കാണുന്നത്. 28 നിയമസഭാ സീറ്റുകളില്‍ തന്റെ അനുയായികളുടെ മുഴുവന്‍ വോട്ടും നല്‍കാമെന്ന് ഗുര്‍മീത് അമിത് ഷാ ഉറപ്പു നല്‍കുകയും ചെയ്തു.
ഹരിയാന മുഖ്യമന്ത്രി എം.എല്‍ ഖട്ടാറും ഗുര്‍മീതും തമ്മിലുള്ള അടുപ്പം നേരത്തെ വാര്‍ത്തയായിരുന്നു. കൂടാതെ സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിക്കായി ഗുര്‍മീത് നല്‍കിയ പിന്തുണയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തതും വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ഹണിപ്രീതും രംഗത്തു വന്നത്.