X
    Categories: CultureViews

ജുമുഅ തടസ്സപ്പെടുത്തിയ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിട്ടും കലാപ ശ്രമവുമായി മുന്നോട്ടു പോകാന്‍ സംഘ് പരിവാര്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തിനടുത്ത ഗുഡ്ഗാവില്‍ മുസ്‌ലിംകള്‍ക്കെതിരെ കലാപം സൃഷ്ടിക്കാന്‍ സംഘ് പരിവാര്‍ ശ്രമം. വെള്ളിയാഴ്ച ജുമുഅ നിസ്‌കാരം തടസ്സപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ആറ് സംഘ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചെങ്കിലും പ്രതിഷേധ പ്രകടനങ്ങളുമായി മുന്നോട്ടു പോകാനാണ് ബജ്‌റംഗ്ദള്‍, ശിവസേന, ഹിന്ദു സേന തുടങ്ങിയ തീവ്രവാദ സംഘടനകളുടെ തീരുമാനം. ലോക്‌സഭാ തെരഞ്ഞെടുപ്പ് മാസങ്ങള്‍ മാത്രം അകലെ നില്‍ക്കെ, ബി.ജെ.പിക്ക് അനുകൂലമായി ഹിന്ദു വികാരം ഏകോപിപ്പിക്കാനുള്ള നീക്കമാണ് ഇതിനു പിന്നില്‍ എന്നു സംശയിക്കുന്നു.

ഏപ്രില്‍ 20-നാണ് ഗുഡ്ഗാവ് സെക്ടര്‍ 53-ലെ തുറസ്സായ സ്ഥലത്തെ ജുമുഅ നിസ്‌കാരത്തിനെതിരെ തീവ്രവാദികള്‍ രംഗത്തെത്തിയത്. ‘ജയ് ശ്രീറാം’, ‘രാധേ രാധേ’ വിളികളുമായെത്തിയ തീവ്രവാദികള്‍ നിസ്‌കാരത്തിലേര്‍പ്പെട്ട മുസ്ലിംകളെ ശല്യപ്പെടുത്തുകയും പിരിഞ്ഞു പോകാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ആറ് തീവ്രവാദികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

‘ഏഴ് അല്ലെങ്കില്‍ എട്ട് പേര്‍ക്കെതിരെ’ ആണ് പൊലീസ് എഫ്.ഐ.ആര്‍ തയ്യാറാക്കിയിരുന്നത്. എന്നാല്‍ പിന്നീട് രണ്ടു പേരുകള്‍ വിട്ടുകളയുകയായിരുന്നു. പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതായി സെക്ടര്‍ 53 പൊലീസ് എസ്.എച്ച്.ഒ അരവിന്ദ് ദാഹിയ സ്ഥിരീകരിച്ചു.

പ്രതികള്‍ക്ക് ജാമ്യം ലഭിച്ചെങ്കിലും വര്‍ഗീയ പ്രചരണങ്ങളുമായി മുന്നോട്ടു പോകാനാണ് ഹിന്ദു തീവ്രവാദ സംഘടനകളുടെ തീരുമാനം. പ്രതികള്‍ക്കെതിരായ കേസ് പൂര്‍ണമായും ഒഴിവാക്കണമെന്നും തുറന്ന സ്ഥലത്ത് നിസ്‌കാരം നിര്‍വഹിക്കുന്നത് തടയണമെന്നുമടക്കമുള്ള ആവശ്യങ്ങളുമായി നെഹ്‌റു പാര്‍ക്ക് മുതല്‍ മിനി സെക്രട്ടേറിയറ്റ് വരെ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ബജ്‌റംഗ് ദള്‍ ജില്ലാ പ്രസിഡണ്ട് അഭിഷേക് ഗൗര്‍ പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: