ഝജ്ജര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യാതിരുന്നതിനെ തുടര്‍ന്ന് യുവാവ് സഹോദരനു നേരെ വെടിവച്ചു. ആറാംഘട്ട വോട്ടെടുപ്പിനിടെ തിങ്കളാഴ്ച ഹരിയാനയിലെ ഝജ്ജര്‍ ജില്ലയിലെ സിലാനയിലാണ് സംഭവം. രാജ്‌സിങ് എന്ന യുവാവിനു നേരെ സഹോദരനായ ധര്‍മേന്ദ്ര രാജ് നിറയൊഴിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യാന്‍ രാജ്‌സിങ്ങിന് സഹോദരന്‍ ധര്‍മേന്ദ്ര രാജ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് അവഗണിച്ച് രാജ്‌സിങ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ടു രേഖപ്പെടുത്തുകയായിരുന്നു. ഇതറിഞ്ഞതോടെ ക്ഷുഭിതനായ ധര്‍മേന്ദ്ര രാജ് സഹോദരനെതിരെ നിറയൊഴിച്ചു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം പി.ജി.ഐ.എം.എസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ധര്‍മേന്ദ്രനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നു.