ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തകര്‍ത്ത് വിജയക്കുതിപ്പില്‍ ആഴ്‌സണല്‍. എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ അരങ്ങേറിയ ആവേശപ്പോരില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഗണ്ണേഴ്‌സ് വിജയം സ്വന്തമാക്കി. ജൂറിന്‍ ടിംബറും വില്യം സാലിബയുമാണ് പീരങ്കിപ്പടക്കായി കച്ചമുറുക്കിയത്.
കളിയിലെ ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. രണ്ടാം പകുതിയിലാണ് കളിയിലെ രണ്ട് ഗോളുകളും പിറന്നത്. 54-ാം മിനിറ്റില്‍ ലഭിച്ച കോര്‍ണറില്‍ മത്സരത്തില്‍ ഗണ്ണേഴ്‌സിനെ ടിംബര്‍ മുന്നിലെത്തിച്ചു. 73-ാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ കിക്ക് സാലിബയുടെ ദേഹത്ത് തട്ടി വലയിലേക്ക് കുതിച്ചു.
അതേ സമയം ടേബിള്‍ ടോപ്പേഴ്സായ ലിവര്‍പൂളിനെ സമനിലയില്‍ തളച്ച് ന്യൂകാസില്‍ യുണൈറ്റഡ് . കളിയില്‍ ഇരുടീമുകളും മൂന്ന് ഗോള്‍ വീതമടിച്ച് പിരിയുകയായിരുന്നു. ലിവര്‍പൂളിനായി മുഹമ്മദ് സലാഹ് ഇരട്ട ഗോള്‍ കണ്ടെത്തിയ മത്സരത്തില്‍ കര്‍ട്ടിസ് ജോണ്‍സും ഗോള്‍ നേടി. അലക്‌സാണ്ടര്‍ ഇസാഖ്, ഫാബിയാന്‍ ഷാര്‍, ആന്റണി ജോര്‍ഡന്‍ എന്നിവരാണ് ന്യൂകാസില്‍ സ്‌കോറര്‍മാര്‍. 90-ാം മിനിറ്റില്‍ ഫാബിയാന്‍ ഷാര്‍ നേടിയ ഗോളാണ് ലിവര്‍പൂളിന്റെ കയ്യില്‍ നിന്ന് വിജയം തട്ടിയകറ്റിയത്.
മറ്റു മത്സരങ്ങളില്‍ ചെല്‍സി സതാംപ്ടണെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തപ്പോള്‍ നോട്ടിങ്ഹാം ഫോറസ്റ്റിനെ മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത മൂന്ന് ഗോളിന് വീഴ്ത്തി. അകല്‍ ഡിസാസി, ക്രിസ്റ്റഫര്‍ എന്‍കുന്‍കു, നോനി മദുവേക കോള്‍ പാമര്‍, ജേഡന്‍ സാഞ്ചോ എന്നിവരാണ് നീലപ്പടക്കായി കച്ചമുറുക്കിയത്. ബെര്‍ണാഡോ സില്‍വ, കെവിന്‍ ഡിബ്രൂയിനെ, ജെറമി ഡോക്കു എന്നിവരാണ് സിറ്റിയുടെ സ്‌കോറര്‍മാര്‍.