X

കല്‍ബുര്‍ഗിയെ വധിച്ചതും ഗൗരി ലങ്കേഷിനെ വധിച്ചതും ഒരേ തോക്കുപയോഗിച്ചെന്ന് റിപോര്‍ട്ട്

ബെംഗലൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വധിക്കാന്‍ ഉപയോഗിച്ച തോക്ക് തന്നെയാണ് എംഎം കല്‍ബുര്‍ഗിയ്ക്ക് നേരെ നിറയൊഴിക്കാനും ഉപയോഗിച്ചതെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയതായി പ്രത്യേക അന്വേഷണ സംഘത്തെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.. 7.65 എംഎം നാടന്‍ പിസ്റ്റളാണ് അക്രമി ആയുധമാക്കിയത്. ഫോറന്‍സിക് പരിശോധനാ ഫലം ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ഗൗരി ലങ്കേഷ് കാര്‍ വീടിനകത്തേക്ക് പാര്‍ക്ക് ചെയ്യാനായി വീടിന്റെ ഗേറ്റ് തുറക്കുന്‌പോഴായിരുന്നു അക്രമികള്‍ വെടിയുതിര്‍ത്തത്. ഇക്കഴിഞ്ഞ സെപ്തംബര്‍ അഞ്ചിന് വൈകിട്ട് എട്ട് മണിയോടെയാണ് ഗൗരി ലങ്കേഷിനെ അക്രമി സംഘം വെടിവച്ച് കൊലപ്പെടുത്തിയത്.

2015 ആഗസ്ത് 30 ന് രാവിലെ 8.40 നാണ് സ്വന്തം വസതിയില്‍ എംഎം കല്‍ബര്‍ഗി വെടിയേറ്റ് മരിച്ചത്. 7.65 എംഎം നാടന്‍ തോക്കില്‍ നിന്നുതിര്‍ത്ത രണ്ട് വെടിയുണ്ടകളാണ് 77കാരനായിരുന്ന കല്‍ബര്‍ഗിയുടെ ജീവനെടുത്തത്. നാല് ബുള്ളറ്റുകളാണ് ഗൗരി ലങ്കേഷിന്റെ ശരീരത്തില്‍ തറച്ചത്.

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് കല്‍ബുര്‍ഗിയുടെ കൊലപാതകവുമായി സമാനതകളുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സെപ്തംബര്‍ അഞ്ചിന് രാത്രി എട്ട് മണിക്ക് ജോലി കഴിഞ്ഞ തന്റെ വീട്ടിലെത്തി ഗെയ്റ്റ് തുറക്കുന്നതിനിടയിലാണ് അജ്ഞാതരായ കൊലയാളികള്‍ ഗൗരി ലങ്കേഷിനു നേരെ വെടിയുതിര്‍ക്കുന്നത്.

രണ്ടു കൊലപാതകങ്ങളും തമ്മിലുള്ള സമാനത സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയതില്‍നിന്നാണ് ഒരേ തരത്തിലുള്ള തോക്കുതന്നെയാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് വ്യക്തമായത്. എന്നാല്‍ ഒരു പ്രത്യേക തോക്കുതന്നെയാണോ ഇരു കൊലപാതകത്തിനും ഉപയോഗിച്ചതെന്ന കാര്യം വ്യക്തമല്ല. അതേസമയം, ഒരേ സംഘം തന്നെയാണ് ഇരു കൊലപാതകത്തിനു പിന്നിലും പ്രവര്‍ത്തിച്ചതെന്ന സംശയം ബലപ്പെടുത്തുന്നതാണ് കൊലപാതകങ്ങള്‍ തമ്മിലുള്ള ഈ സാമ്യമെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു.

2015 ഫെബ്രുവരിയി 16ന് മഹാരാഷ്ട്രയിലെ യുക്തിവാദിയും സാമൂഹ്യപ്രവര്‍ത്തകനുമായ ഗോവിന്ദ് പന്‍സാരെയുടെ കൊലപാതകവും കല്‍ബുര്‍ഗിയുടെ കൊലപാതകവും തമ്മില്‍ സമാനതയുള്ളതായി അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ഇരു കൊലപാതകത്തിലും ഉപയോഗിച്ച തിരകള്‍ക്കുള്ള സമാനതയും പോലീസ് തിരിച്ചറിഞ്ഞിരുന്നു. ആ നിലയ്ക്ക് കഴിഞ്ഞ 30 മാസത്തിനിടെ ഉണ്ടായ മൂന്നു കൊലപാതകങ്ങള്‍ക്കു പിന്നിലും ഒരേ സംഘമായിരിക്കാം എന്ന നിഗമനത്തിലേയ്ക്കാണ് പോലീസ് എത്തുന്നത്.

chandrika: