കോട്ടയം: പരിശോധനയ്ക്ക് കൊണ്ടുവന്ന പിസ്റ്റള്‍ താലൂക്ക് ഓഫീസ് വരാന്തയില്‍ വെച്ച് ഉടമയുടെ കൈയ്യിലിരുന്ന് പൊട്ടി. വെടിയുണ്ടയുടെ ദിശ മാറിയതിനാല്‍ സമീപമുണ്ടായിരുന്ന ഓഫീസ് ജീവനക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയത്ത് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.45-ഓടെയാണ് സംഭവം.
വ്യവസായിയായ തെള്ളകം മാടപ്പാട്ട് ബോബന്‍ തോമസിന്റെ കൈവശമിരുന്ന തോക്കാണ് പൊട്ടിയത്. സെക്ഷന്‍ ക്ലര്‍ക്ക് അനീഷാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. തോക്ക് ലൈസന്‍സ് പുതുക്കി കിട്ടാന്‍ തഹസീല്‍ദാരുടെ പരിശോധന ആവശ്യമാണ്. അതിനാണ് ഉടമ തോക്കുമായി താലൂക്ക് ഓഫീസില്‍ വന്നത്.
തഹസീല്‍ദാരുടെ നിര്‍ദേശപ്രകാരം ഇദ്ദേഹത്തെയും കൂട്ടി സെക്ഷന്‍ ക്ലര്‍ക്ക് സി.എ. അനീഷ് കുമാര്‍ ഇതിന്റെ ഫയലുമായി ബോബനൊപ്പം തഹസീല്‍ദാര്‍ ക്യാബിനിലേക്ക് വരികയായിരുന്നു. ക്യാബിന് പുറത്തെ വരാന്തയില്‍ വെച്ച് പെട്ടെന്ന് തോക്ക് പൊട്ടുകയായിരുന്നു. വെടിയുണ്ട സമീപത്തെ തൂണിലേക്ക് ഇടിച്ച് തെറിച്ച് പുറത്തേക്ക് പോയി. ബോബനും അനീഷും നിന്നതിന്റെ എതിര്‍ദിശയിലേക്കാണ് വെടിയുണ്ട പോയത്.
ശബ്ദം കേട്ട് തഹസീല്‍ദാരും മറ്റ് ജീവനക്കാരും ഓടിയെത്തിയതിനു പിന്നാലെ അബദ്ധം പറ്റിയതാണെന്ന് ബോബന്‍ വ്യക്തമാക്കി. വിവരം രേഖപ്പെടുത്തിയ ശേഷം ഇദ്ദേഹത്തിനെ പോകാന്‍ അനുവദിച്ചു. തോക്ക് പരിശോധിക്കാനാവില്ലെന്ന് തഹസീല്‍ദാര്‍ അറിയിച്ചു. ഉണ്ടയില്ലാതെയാണ് തോക്ക് പരിശോധനക്ക് കൊണ്ടുവരേണ്ടത്. ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ച ബോബന്‍ തോക്ക് ഉപയോഗിക്കാന്‍ യോഗ്യനല്ലെന്ന് റിപ്പോര്‍ട്ട് നല്‍കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.