ന്യൂഡല്‍ഹി: സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞ അഞ്ചു കവര്‍ച്ചക്കാരെ പിടികൂടുന്നതിന് 1600 ആളുകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡല്‍ഹി പ്രഗതി മൈതാന്‍ തുരങ്കത്തില്‍ പട്ടാപ്പകല്‍ നടന്ന കവര്‍ച്ചാ കേസിലെ പ്രതിയെ കണ്ടെത്തുന്നതിനാണ് ഇത്രയും ആളുകളെ കസ്റ്റഡിയിലെടുത്തത്.
രണ്ടു ലക്ഷം രൂപയുടെ കവര്‍ച്ചയാണ് നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടായിരം വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. രാജ്യ തലസ്ഥാനത്തെ നിയമസംരക്ഷണം സംബന്ധിച്ച് വിവാദമുയര്‍ന്നതോടെയാണ് പെട്ടെന്നു പ്രതിയെ പിടിക്കുന്നതിനായി പൊലീസ് ഇത്തരത്തില്‍ കസ്റ്റഡി നാടകം അരങ്ങേറിയത്.
ഡെലിവറി ഏജന്റായ പട്ടേല്‍ സാജന്‍ കുമാറും സുഹൃത്ത് ജിഗര്‍ പട്ടേലും ടാക്‌സിയില്‍ ഗുരുഗ്രാമിലേക്ക യാത്ര ചെയ്യുന്നതിനിടെ നാലംഗ സംഘം ബൈക്കിലെത്തി ഇവരെ തടയുകയായിരുന്നു. തോക്ക് ചൂണ്ടി സാജന്‍ കുമാറില്‍ നിന്ന് പണമടങ്ങിയ ബാഗ് കൈക്കലാക്കുകയായിരുന്നു. 1.5 കിലോമീറ്റര്‍ നീളമുള്ള തുരങ്കം ന്യൂഡല്‍ഹിയെ സരായ് കാലെ ഖാനും നോയിഡയുമായും ബന്ധിപ്പിക്കുന്നു, ഇത് ദേശീയ തലസ്ഥാനത്തിന്റെ ഹൃദയഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. രാജ്യതലസ്ഥാനത്തെ തിരക്കേറിയ അണ്ടര്‍പാസില്‍ പട്ടാപ്പകല്‍ കവര്‍ച്ച നടത്താനുള്ള കുറ്റവാളികളുടെ ധൈര്യം ഡല്‍ഹിയുടെ ക്രമസമാധാനപാലനം എത്രത്തോളമുണ്ടെന്നതിന് തെളിവാണ്. കവര്‍ച്ച പുറംലോകം അറിഞ്ഞതോടെ കുറ്റവാളികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മുറവിളി ശക്തമായിരുന്നു. ഇതിനു പിന്നാലെയാണ് 1600-ഓളം ആളുകളെ ഡ ല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തത്.