ന്യൂഡല്‍ഹി: പ്രവാചക നിന്ദ നടത്തി കുപ്രസിദ്ധയായ ബി.ജെ.പി മുന്‍ വക്താവ് നൂപുര്‍ ശര്‍മക്ക് തോക്ക് ലൈസന്‍സ് അനുവദിച്ചു. നുപുര്‍ ശര്‍മയുടെ അപേക്ഷയെ തുടര്‍ന്ന് ഡല്‍ഹി പൊലീസാണ് തോക്ക് കൈവശം വെക്കാനുള്ള അനുമതി നല്‍കിയത്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി നുപുര്‍ ശര്‍മ നല്‍കിയ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
പരാമര്‍ശത്തില്‍ സുപ്രിംകോടതി വിമര്‍ശനത്തിന് പിന്നാലെയാണ് തനിക്ക് ഭീഷണികള്‍ വരാന്‍ തുടങ്ങിയത് എന്നായിരുന്നു നുപുര്‍ ശര്‍മയുടെ വാദം. നുപുറിന്റെ സുരക്ഷയ്ക്ക് ഭീഷണി ഉണ്ടെന്ന് അഭിഭാഷകന്‍ സുപ്രിംകോടതിയെ അറിയിച്ചിരുന്നു. നുപുര്‍ ശര്‍മയുടെ പ്രസ്താവന രാജ്യത്ത് തീ പടര്‍ത്തുന്നതിലേക്ക് നയിച്ചെന്നായിരുന്നു സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം. ഉദയ്പൂരിലെ കനയ്യലാല്‍ എന്ന തയ്യല്‍ക്കാരന്റെ കൊലപാതകത്തിലേക്ക് നയിച്ചത് ഈ പ്രസ്താവനയാണ്. പ്രസ്താവനയില്‍ നുപുര്‍ രാജ്യത്തോട് മാപ്പ് പറയണമെന്നും സുപ്രിംകോടതി ജൂലൈയില്‍ ആവശ്യപ്പെട്ടിരുന്നു.
‘അവര്‍ രാജ്യത്തുടനീളം വികാരങ്ങള്‍ ആളിക്കത്തിച്ചു. രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് ഈ സ്ത്രീയാണ് ഉത്തരവാദി. യഥാര്‍ഥത്തില്‍ യാതൊരു നിയന്ത്രണവുമില്ലാത്ത നാവാണ് അവര്‍ക്ക്. ടി.വിയില്‍ നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തി രാജ്യം മുഴുവന്‍ കത്തിച്ചു. എന്നിട്ടും, 10 വര്‍ഷമായി അഭിഭാഷകയാണെന്ന് അവര്‍ അവകാശപ്പെടുന്നു. അവര്‍ ഉടന്‍ മാപ്പ് പറയണം- ജഡ്ജിമാര്‍ പറഞ്ഞു. 2022 മേയ് 26ന് നടന്ന ഒരു ടെലിവിഷന്‍ ചര്‍ച്ചക്കിടയാണ് നൂപുര്‍ ശര്‍മ പ്രവാചകനെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയത്.
ഇതിനെതിരെ ആഗോളതലത്തില്‍ തന്നെ പ്രതിഷേധമുയര്‍ന്നിരുന്നു. പിന്നാലെ ബി.ജെ.പി ഇവരെ സസ്പെന്‍ഡ് ചെയ്ത് കൈകഴുകി. വിവാദ പരാമര്‍ശത്തില്‍ വിവിധ സംസ്ഥാനങ്ങളിലായി ഒമ്പത് കേസുകളാണ് നൂപുര്‍ ശര്‍മയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. ജൂലൈയില്‍ നുപുറിന്റെ അറസ്റ്റ് തടഞ്ഞ സുപ്രിംകോടതി ഈ കേസുകളെല്ലാം ഡല്‍ഹി പൊലീസിന് കൈമാറാന്‍ ആഗസ്റ്റില്‍ ഉത്തരവിടുകയും അറസ്റ്റില്‍ നിന്നുള്ള സംരക്ഷണം നീട്ടുകയും ചെയ്തിരുന്നു. ഡല്‍ഹിക്ക് പുറമെ, മഹാരാഷ്ട്ര, തെലങ്കാന, പശ്ചിമ ബംഗാള്‍, കര്‍ണാടക, ഉത്തര്‍പ്രദേശ്, അസം, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലാണ് നുപുറിനെതിരെ കേസുകള്‍.
പരാമര്‍ശത്തിന് പിന്നാലെ നുപുര്‍ ശര്‍മയെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. മഹാരാഷ്ട്ര അമരാവതിയിലെ ഉമേഷ് കോല്‍ഹെ എന്ന ഫാര്‍മസിസ്റ്റും രാജസ്ഥാനിലെ ഉദയ്പൂരിലെ തയ്യല്‍ക്കാരനായ കനയ്യ ലാലുമാണ് കൊല്ലപ്പെട്ടത്. എന്നാല്‍ കനയ്യ ലാലിനെ കൊലപ്പെടുത്തിയവര്‍ ബി.ജെ.പി പ്രവര്‍ത്തകരാണന്നതിന്റെ തെളിവുകള്‍ പുറത്തുവന്നിരുന്നു.