X

അട്ടിമറിച്ച് ഗുലിയേവ്

 

ലണ്ടന്‍: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്‍മാരുടെ 200 മീറ്റര്‍ ഓട്ടത്തില്‍ വന്‍ അട്ടിമറി. സുവര്‍ണപ്രതീക്ഷയുമായി ട്രാക്കിലിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ വാന്‍ നീകര്‍കിനേയും ബഹാമാസിന്റെ ഇസാഖ് മക്‌വാലയേയും മറികടന്ന് അസര്‍ബൈജാന്‍ വംശജനായ തുര്‍ക്കിയുടെ റമില്‍ ഗുലിയേവ് സ്വര്‍ണം കരസ്ഥമാക്കി.
400 മീറ്ററില്‍ സ്വര്‍ണമെഡല്‍ നേടിയ നീകര്‍ക്കിന് വെള്ളി മെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ട്രിനിഡാഡ് ആന്റ് ടുബാഗോയുടെ ജറീം റിച്ചാര്‍ഡ് വെങ്കല മെഡലും കരസ്ഥമാക്കി. വാന്‍ നീകര്‍കും ഗുലിയേവും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നെങ്കിലും 20.09 സെക്കന്റില്‍ ഗുലിയേവ് ഫിനിഷ് ലൈന്‍ തൊട്ടു. ഫോട്ടോ ഫിനിഷിങ്ങിലാണ് നീകര്‍ക് രണ്ടാമതായത്. മൂന്നാം സ്ഥാനത്തുള്ള റിച്ചാര്‍ഡ്‌സും നീകര്‍കും 20.11 സെക്കന്റിലാണ് ഫിനിഷ് ലൈനിലെത്തിയത്.
എന്നാല്‍ ഫോട്ടോഫിനിഷില്‍ സെക്കന്റിന്റെ നൂറിലൊരംശത്തിന് നീകര്‍ക് വെള്ളി മെഡല്‍ നേടുകയായിരുന്നു. ഹീറ്റ്‌സില്‍ തനിച്ച് ഓടി റെക്കോര്‍ഡിട്ട ഇസാഖ് മക് വാലക്ക് ആറാം സ്ഥാനത്തെത്താനെ ആയുള്ളൂ. ഇതൊരു ഞെട്ടലൊന്നുമല്ല, യാഥാര്‍ത്ഥ്യമാണ്. നേട്ടത്തില്‍ അഭിമാനം തോന്നുന്നു, മത്സര ശേഷം ഗുലിയേവ് പറഞ്ഞു. തന്റെ കരിയറിലെ ഏറ്റവും സുന്ദര നിമിഷമാണിത്. ലോകത്തെ മികച്ച അത്‌ലറ്റുകളോടൊപ്പമാണ് താന്‍ ഏറ്റുമുട്ടിയത്. ഇത്തവണ മറ്റുള്ളവരെ ആകാംക്ഷയോടെ നോക്കിയത് പോലെ ഇനി എന്നെയായിരിക്കും അടുത്ത മീറ്റില്‍ നോക്കുകയെന്നും ഗുലിയേവ് പറഞ്ഞു. ബോള്‍ട്ടിന് പിന്നില്‍ നേരത്തെ ജൂനിയര്‍ തലത്തില്‍ ഏറ്റവും വേഗതയുള്ള 200 മീറ്റര്‍ ഓട്ടക്കാരനായിരുന്നു ഗുലിയേവ്.
കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ മീറ്റിലെ വെള്ളിമെഡല്‍ ജേതാവ് കൂടിയാണ് 27കാരനായ ഈ തുര്‍ക്കി താരം. അതേ സമയം വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അമേരിക്കയുടെ കോറി കാര്‍ട്ടര്‍ 53.07 സെക്കന്റോടെ സ്വര്‍ണം കരസ്ഥമാക്കി.
അമേരിക്കയുടെ തന്നെ ദലീല മുഹമ്മദ് വെളളിയും ജമൈക്കയുടെ റിസ്താനന്ന ട്രേസി വെങ്കലവും നേടി. പുരുഷന്‍മാരുടെ ട്രിപ്പിള്‍ ജംപില്‍ 17.68 മീറ്റര്‍ ചാടി അമേരിക്കയുടെ ക്രിസ്റ്റ്യന്‍ ടെയ്‌ലര്‍ സ്വര്‍ണവും അമേരിക്കയുടെ തന്നെ വില്‍ ക്ലേ വെള്ളിയും നേടി. പോര്‍ച്ചുഗലിന്റെ നെല്‍സണ്‍ എവോറക്കാണ് വെങ്കലം. മീറ്റില്‍ ഇന്ന് വനിതകളുടെ ഹൈജംപ്, 100 മീറ്റര്‍ ഹര്‍ഡില്‍സ്, പുരുഷന്‍മാരുടെ ജാവലിന്‍ ത്രോ, 5000 മീറ്റര്‍ ഓട്ടം, പുരുഷ, വനിത വിഭാഗം നാല് ഗുണം 100 മീറ്റര്‍ റിലേ ഫൈനലുകള്‍ നടക്കും.
മീറ്റില്‍ എട്ട് ദിവസം പിന്നിടുമ്പോള്‍ ആറു സ്വര്‍ണവും ഏഴ് വെള്ളിയും ആറ് വെങ്കലവുമടക്കം 19 മെഡലുകളുമായി അമേരിക്കയാണ് മുന്നില്‍. മൂന്ന് സ്വര്‍ണവും ഒരു വെള്ളിയുമടക്കം ഏഴ് മെഡലുകളുമായി കെനിയ രണ്ടാം സ്ഥാനത്തും രണ്ടു സ്വര്‍ണമടക്കം അഞ്ചു മെഡലുമായി ദക്ഷിണാഫ്രിക്ക മൂന്നാമതുമാണ്.

chandrika: