X

പറക്കാനൊരുങ്ങി കുടുംബങ്ങള്‍: സാമ്പത്തിക ബാധ്യതയില്‍ തളച്ച് എയര്‍ലൈനുകള്‍

റസാഖ് ഒരുമനയൂര്‍

അബുദാബി: കേരളത്തില്‍ സ്‌കൂള്‍ അവധിക്കാലം ആരംഭിക്കുന്നതോടെ കുടുംബങ്ങളെ ഗള്‍ഫ് നാടുകളിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ക്ക് വേഗമേറി. എന്നാല്‍ നിരക്ക് കുത്തനെ കൂട്ടി എയര്‍ലൈനുകളും താമസ വാടകയില്‍ വര്‍ധനവ് വരുത്തി ഇടനിലക്കാരും പ്രവാസികളെ പ്രയാസത്തിലാക്കുന്നു.
പതിവ് നിരക്കിനേക്കാള്‍ മൂന്നും നാലും ഇരട്ടി നിരക്ക് വര്‍ധനവ് വരുത്തി ഇക്കുറിയും എയര്‍ലൈനുകള്‍ പ്രവാസികളുടെ മോഹത്തിന് മങ്ങലേല്‍പ്പിക്കുകയാണ്.

ഈ മാസം വാര്‍ഷിക പരീക്ഷ അവസാനിക്കുന്നതോടെ തങ്ങളുടെ പ്രിയപ്പെട്ടവരെ ഗള്‍ഫ് നാടുകളിലേക്ക് കൊണ്ടുവരുന്നതിനുള്ള തയാറെടുപ്പാണ് ആയിരക്കണക്കിന് പ്രവാസികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.എന്നാല്‍ മാര്‍ച്ച് അവസാനത്തോടെ വിമാന ടിക്കറ്റ് നിരക്കില്‍ കാര്യമായ അന്തരമാണ് വരുത്തിയിട്ടുള്ളത്. നേരത്തെ 8,000 രൂപയ്ക്ക് പോലും ലഭിച്ചിരുന്ന ടിക്കറ്റുകള്‍ക്ക് കാല്‍ലക്ഷത്തിലേറെ വരെയാണ് വര്‍ധനവ് വരുത്തിയിട്ടുള്ളത്. സാധാരണക്കാരായ പ്രവാസികള്‍ക്ക ഇത് താങ്ങാനാവാത്ത തുകയാണ്.

തങ്ങളുടെ കുടുംബങ്ങളെ ഗള്‍ഫ് നാടുകള്‍ കാണിക്കുകയെന്ന ഉദ്ദേശത്തോടെ സന്ദര്‍ശക വിസയിലാണ് ഭൂരിഭാഗം പേരും കുടുംബങ്ങളെ കൊണ്ടുവരുന്നത്. വിമാന ടിക്കറ്റ് നിരക്കിന് പുറമെ താമസസ്ഥലങ്ങളുടെ വാടകയുടെ കാര്യത്തിലും ഇടനിലക്കാര്‍ വലിയ തോതില്‍ വര്‍ധനവ് വരുത്തിയിട്ടുണ്ട്.
രണ്ടായിരം ദിര്‍ഹമിന് ലഭിക്കുമായിരുന്ന ഒരു കിടപ്പുമുറി മാത്രമുള്ള സൗകര്യത്തിന് ഇപ്പോള്‍ ഇരട്ടിയോളമാക്കിയാണ് പലരും ഉയര്‍ത്തിയിട്ടുള്ളത്.

നാട്ടിലെ അവധിക്കാലം എയര്‍ലൈനുകളും റിയല്‍എസ്റ്റേറ്റ് ഇടനിലക്കാരും ആഘോഷമാക്കി മാറ്റുകയാണ്. മറ്റുനിര്‍വ്വാഹമില്ലാത്തതിനാല്‍ കൂടിയ നിരക്കും വാടകയും നല്‍കാന്‍ സാധാരണക്കാരായ പ്രവാസികള്‍ നിര്‍ബന്ധിതരാവുകയാണ്. ഈ മാസം അവസാനത്തോടെ ആയിരക്കണക്കിന് കുടുംബങ്ങളാണ് ഗള്‍ഫ് നാടുകളിലെത്തിച്ചേരുക. മെയ് അവസാനത്തോടെ ഇവര്‍ നാട്ടിലേക്ക മടങ്ങുകയും ചെയ്യും. ഇത്തവണ വരുന്നവര്‍ക്ക നോമ്പും പെരുന്നാളും ഗള്‍ഫ് നാടുകളിലാണെന്ന പ്രത്യേകതയുണ്ട്.

നോമ്പിന്റെയും പെരുന്നാള്‍ ആഘോഷങ്ങളുടെയും കാലമായതിനാല്‍ വാണിജ്യ സ്ഥാപനങ്ങളെല്ലാം വന്‍വിലക്കുറവും ആകര്‍ഷമായ വിവിധ ഓഫറുകളും വാഗ്ദാനം ചെയ്യുന്നുണ്ട്

webdesk13: