X

പൊള്ളുന്ന വിമാനനിരക്ക്: പൊരിയുന്ന ഹൃദയവുമായി പ്രവാസികള്‍

റസാഖ് ഒരുമനയൂര്‍

അബുദാബി: അവധിക്കാലത്ത് എയര്‍ലൈനുകള്‍ ഈടാക്കുന്ന പൊള്ളുന്ന നിരക്ക് പ്രവാസികളുടെ ഹൃയങ്ങളെ പൊരിയുന്ന അവസ്ഥയിലാക്കിമാറ്റുന്നു. സാധാരണ നിരക്കിനേക്കാള്‍ മൂന്നും നാലും ഇരട്ടി നിരക്ക് വര്‍ധനവ് വരുത്തിയാണ് എയര്‍ലൈനുകള്‍ പ്രവാസികളെ മാനസിക സമ്മര്‍ദ്ദത്തിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമാക്കിമാറ്റുന്നത്.

സ്‌കൂള്‍ അവധിക്കാലത്ത് നാട്ടില്‍ പോകാനും തിരിച്ചുവരുവാനും ഒരുങ്ങുന്നവര്‍ക്ക് എക്കാലവും ഏറ്റവും വലിയ വെല്ലുവിളി താങ്ങാനാവാത്ത വിമാനടിക്കറ്റ് നിരക്കുതന്നെയാണ്. ജൂണ്‍ ആരംഭിക്കുന്നതോടുകൂടി ഗള്‍ഫ് നാടുകളില്‍നിന്നും ഇന്ത്യയിലേക്കുള്ള വിശിഷ്യാ കേരളത്തിലേക്കുള്ള നിരക്ക് വര്‍ധനവിന് തുടക്കംകുറിക്കുകയാണ്. ആഗസ്റ്റ് വരെ ഈ വര്‍ധനവ് തുടരും. ആഗസ്റ്റ് തുടക്കം മുതല്‍ തിരിച്ചു ഗള്‍ഫ് നാടുകളിലേക്കുള്ള യാത്രക്കാരെ തികച്ചും കൊള്ളയടിക്കുന്നതിനുതുല്യമായാണ് നിരക്ക് വര്‍ധനവ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ആറായിരം രൂപക്ക് ലഭിച്ചിരുന്ന ടിക്കറ്റുതന്നെയാണ് ഒരുലക്ഷത്തിനുമുകളിലാക്കി ഉയര്‍ത്തിയിട്ടുള്ളത്. മൂന്നും നാലും അംഗങ്ങളുള്ള കുടുംബങ്ങള്‍ക്ക യാത്ര ചെയ്യാന്‍ ലക്ഷങ്ങള്‍ തന്നെ വേണമെന്നതാണ് അവസ്ഥ. പതിറ്റാണ്ടുകളായി തുടരുന്ന അനീതിക്കെതിരെ എക്കാലവും പ്രവാസികള്‍ പ്രതിഷേധിക്കുന്നുണ്ടെങ്കിലും അധികാരികളില്‍നിന്നും ഇതുവരെ അനുകൂല തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ല.

എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ വരവ് പ്രവാസികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിയിരുന്നുവെങ്കിലും അവധിക്കാലത്തെ നിരക്കിന്റെ കാര്യത്തില്‍ ഇതരഎയര്‍ലൈനുകളുടെ മാതൃക പിന്തുടരുകയെന്ന നയമാണ് എക്‌സ്പ്രസ്സും സ്വീകരിച്ചത്.

സാധാരണക്കാരായ പ്രവാസികളാണ് നിരക്ക വര്‍ധനവില്‍ ഏറ്റവും പ്രയാസമനുഭവിക്കേണ്ടിവരുന്നത്. തങ്ങളുടെ ജോലി സ്ഥാപനത്തില്‍നിന്നും ലഭിക്കുന്ന അവധിദിനങ്ങള്‍ പലര്‍ക്കും ജൂണ്‍,ജൂലൈ മാസങ്ങളിലാണെന്നത് ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന നൂറുകണക്കിനുപേരെ പ്രയാസത്തിലാക്കുന്നുണ്ട്. ഇവര്‍ക്ക് വേനല്‍കാല അവധിയുമായി യാതൊരു ബന്ധവുമില്ലെങ്കിലും ഇവരും യഥാര്‍ത്ഥത്തില്‍ എയര്‍ലൈനുകളുടെ ഇരയായിമാറുകയാണ്.

ആയിരക്കണക്കിനുപേര്‍ ഇതിനകംതന്നെ കൂടിയനിരക്കില്‍ ടിക്കറ്റ് എടുത്തുവെങ്കിലും അതിലേറെപേര്‍ ദിനേന നിരക്ക് കുറയുന്നതുംനോക്കി വെബ്‌സൈറ്റുകളില്‍ നോക്കിയിരിപ്പാണ്. കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് എന്ന സന്ദേശവുമായി അനവധി വെബ്‌സൈറ്റുകളാണ് ഇ രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. പല സൈറ്റുകളിലും കുറഞ്ഞ നിരക്ക് കാണിക്കുമെങ്കിലും പെയ്‌മെന്റ്ിലെത്തുമ്പോള്‍ ഇരട്ടിയിലേറെയായിമാറുകയാണ് ചെയ്യുന്നത്.

webdesk15: