X
    Categories: MoreViews

അവധിക്കാല ചൂണ്ടയുമായി വീണ്ടും വിമാനക്കമ്പനികള്‍ ഗള്‍ഫ് ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി

കോഴിക്കോട്: ഗള്‍ഫ് സെക്ടറില്‍ കൊള്ളനിരക്കുമായി വീണ്ടും വിമാനകമ്പനികള്‍. ഏപ്രില്‍, മെയ് സ്‌കൂള്‍ വെക്കേഷനിലെ തിരക്ക് മുന്‍കൂട്ടി കണ്ടാണ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനകമ്പനികള്‍ ചാര്‍ജ് കുത്തനെ കൂട്ടിയത്. ഈ സമയങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിചെയ്യുന്നവരുടെ അരികിലേക്ക് നാട്ടില്‍ നിന്നും കുടുംബങ്ങള്‍ വ്യാപകമായി യാത്ര ചെയ്യുന്നത് മുതലെടുത്ത് നിരക്ക് കുത്തനെ കൂട്ടുമ്പോഴും പ്രതിഷേധം വാക്കുകളില്‍ ഒതുങ്ങുന്നതാണ് പിടിച്ചുപറി തുടരാന്‍ കാരണം.

ഈ മാസം കരിപ്പൂരില്‍ നിന്ന് ദുബൈയിലേക്ക് നിരക്ക് അയ്യായിരം രൂപയോളം വന്ന സ്ഥാനത്ത് മാര്‍ച്ച് അവസാനം മുതല്‍ പതിനയ്യായിരം രൂപ മുതലാണ് ചാര്‍ജ് വരുന്നത്. കൊച്ചിയില്‍ നിന്നുള്ള നിരക്കിലും ഇതുപോലെ തന്നെ വര്‍ദ്ധനവ് വന്നിട്ടുണ്ട്. ഖത്തറിലേക്കും ബഹ്‌റൈനിലേക്കും കുവൈറ്റിലേക്കുമെല്ലാം വ ന്‍ വര്‍ദ്ധനവാണ് വരുത്തിയത്.

വെക്കേഷനില്‍ ജിദ്ദയിലേക്കുള്ള യാത്രക്കാരെയാണ് ചാര്‍ജ് വളരെ കൂടുതലായി ബാധിക്കുന്നത്. പ്രത്യേകിച്ച് ഉംറ യാത്രക്കാരെ. മാര്‍ച്ച് മാസത്തില്‍ കോഴിക്കോട് നിന്നും ഉംറക്ക് പുറപ്പെടാന്‍ അന്‍പതിനായിരം മുതല്‍ അന്‍പത്തയ്യായിരം വരെയായിരുന്നു വന്നതെങ്കില്‍ ടിക്കറ്റ് നിരക്കിലുണ്ടായ വന്‍ വര്‍ദ്ധനവ് മൂലം മാര്‍ച്ച് അവസാനം മുതല്‍ നിരക്ക് അറുപതിനായിരം മുതല്‍ അറുപത്തയ്യായിരം വരെ വരും. കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടില്‍ നിന്ന് ജിദ്ദയിലേക്ക് സര്‍വ്വീസ് നടത്തികൊണ്ടിരുന്ന സൗദി എയര്‍ലൈന്‍സും എയര്‍ ഇന്ത്യയും റണ്‍വേ നവീകരണത്തിന്റെ ഭാഗമായി കൊച്ചിയിലേക്ക് മാറ്റിയതിനു ശേഷം കണക്ഷന്‍ ഫ്‌ളൈറ്റുകള്‍ കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്കുള്ള നിരക്ക് ക്രമാതീതമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതുമൂലം ജിദ്ദയിലേക്കുള്ള യാത്രാ ചിലവ് ഒരു സാധാരണ പ്രവാസിക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണ്. അതോടൊപ്പം തന്നെയാണ് ഉംറ യാത്രക്കാരെയും കൊള്ളയടിക്കുന്നത്.

തിരക്കുള്ള സമയത്ത് വിമാന കമ്പനികള്‍ കൊള്ള ലാഭം കൊയ്യുന്നത് ആദ്യത്തെ സംഭവമൊന്നുമല്ല. പ്രത്യേകിച്ച് കേരളത്തില്‍ നിന്നും പുറപ്പെടുന്ന വിമാനങ്ങളാണ് യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ഇങ്ങനെ നിരക്ക് കൂട്ടുന്നത്. അതേസമയം ഗള്‍ഫ് രാജ്യങ്ങള്‍ ഒഴികെയുള്ള രാജ്യങ്ങളിലേക്ക് വലിയ വര്‍ദ്ധനവൊന്നും ഇല്ല എന്നതാണ് വിമാന കമ്പനികള്‍ ഗള്‍ഫ് പ്രവാസികളോടും ഉംറ യാത്രക്കാരോടും നടത്തുന്ന പകല്‍കൊള്ള വെളിവാക്കുന്നത്.

വിമാനക്കമ്പനിയുടെ ലാഭം വര്‍ധിപ്പിക്കാനുള്ള കറവപ്പശുക്കളായാണ് വിമാനക്കമ്പനികള്‍ പ്രവാസികളെയും ഹജ്ജ്-ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് സെക്ടര്‍ യാത്രക്കാരെയും കാണുന്നത്. വിമാന കമ്പനികള്‍ മാനദണ്ഡമോ-നീതിയോ ഇല്ലാതെ നിരക്ക് വര്‍ധിപ്പിക്കുന്നത് കേന്ദ്രവും വ്യോമയാന മന്ത്രാലയവും നിയന്ത്രിക്കണമെന്ന ആവശ്യം എവിടെയുമെത്തിയിട്ടില്ല. പാര്‍ലമെന്റ് നിയമം നിര്‍മ്മിക്കുകയോ ചൂഷണത്തിനെതിരെ കോടതി ഇടപെടലോ ആണ് സ്ഥായിയായ പ്രതിവിധി.

chandrika: