X

ജി 20 ദ്വിദിന ഉച്ചകോടിക്ക് സമാപനം ഇന്റര്‍നെറ്റ് കമ്പനികളില്‍ നിന്ന് നികുതി ഈടാക്കാന്‍ ജി 20 ഉച്ചകോടിയില്‍ നീക്കം

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : ഡിജിറ്റല്‍ മേഖലയിലെ വന്‍കിട ഇന്റര്‍നെറ്റ് കമ്പനികളില്‍ നിന്ന് ഓരോ രാജ്യത്തും നികുതി ഈടാക്കാന്‍ ജി 20 ഉച്ചകോടിയില്‍ നീക്കം . കോവിഡിന് ശേഷം വിപണിയും വാണിജ്യവും വ്യാപാരവും വിദ്യാഭ്യാസവും വിനിമയവുമുള്‍പ്പടെ ലോകത്തുള്ള ചലനങ്ങളെല്ലാം ഡിജിറ്റലായി മാറിയ സാഹചര്യത്തില്‍ വന്‍ ലാഭം കൊയ്യുന്ന ഫേസ്ബുക്, ഗൂഗിള്‍, ആപ്പിള്‍ , മൈക്രോസോഫ്റ്റ് തുടങ്ങി എല്ലാ വിധ ഇന്റര്‍നെറ്റ് കമ്പനികളില്‍ നിന്നും അതാത് രാജ്യങ്ങള്‍ നികുതി ഈടാക്കണമെന്നാണ് ഉച്ചകോടിയില്‍ ഉയര്‍ന്നിരിക്കുന്ന ഒരു നിര്‍ദേശം. റിയാദില്‍ സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ദ്വിദിന വിര്‍ച്വല്‍ ഉച്ചകോടി ഇന്ന് സമാപനമാകും . രണ്ടാം ദിവസമായ ഇന്ന് കരടിന്മേലുള്ള ചര്‍ച്ചയാണ് നടക്കുന്നത് . ഇന്ത്യയെ പ്രധിനിധീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. കോവിഡുള്‍പ്പടെ ലോകം കനത്ത വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തില്‍ സുപ്രധാന തീരുമാനങ്ങളുടെ പ്രഖ്യാപനവും കാതോര്‍ത്തിരിക്കുകയാണ് ലോകം.

ഉച്ചകോടിയില്‍ അവതരിപ്പിക്കുന്ന കരട് രേഖയിലാണ് ഇന്റര്‍നെറ്റ് കമ്പനികളില്‍ നിന്ന് നികുതി ഈടാക്കാനുള്ള കാര്യം പറയുന്നത്. നിലവിലെ സാഹചര്യത്തില്‍ ഈ കമ്പനികള്‍ അവരുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന രാജ്യങ്ങളില്‍ മാത്രമാണ് നികുതി നല്‍കി വരുന്നത്. വിവിധ രാജ്യങ്ങളില്‍ ഓരോ കമ്പനികളുടെയും ഇടപാടുകള്‍ക്കനുസരിച്ച് നികുതി ആ രാജ്യത്ത് തന്നെ ഈടാക്കാനുള്ള നടപടിയില്‍ ഇന്ന് അന്തിമ തീരുമാനമാകും. കഴിഞ്ഞ ഉച്ചകോടിയിലും ഇക്കാര്യം ചര്‍ച്ചയില്‍ വന്നെങ്കിലും യു എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഇതിനെതിരായ നിലപാട് സ്വീകരിച്ചിരുന്നു. മിക്ക കമ്പനികളുടെയും ആസ്ഥാനം അമേരിക്കയിലാണെന്നിരിക്കെ ഈ തീരുമാനം യു എസിനെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു ട്രംപിന്റെ പക്ഷം. യു എസുമായി നല്ല ബന്ധം സ്ഥാപിക്കുന്നവരുമായി മാത്രം ഇടപാടുകള്‍ നടത്തുന്ന ട്രംപ് അമേരിക്കക്ക് ലാഭകരമല്ലാത്ത നിലപാടുകളെ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ രണ്ട് മാസത്തിനു ശേഷം പദവിയിലെത്തുന്ന പുതിയ പ്രസിഡന്റ് ജോ ബൈഡന്‍ അധികാരമേല്‍ക്കുന്നതോടെ ഇക്കാര്യത്തില്‍ ജി 20 രാജ്യങ്ങള്‍ക്ക് അനുകൂലമായ സാഹചര്യമുണ്ടാകുമെന്നാണ് കരുതുന്നത്.

ലോകാരോഗ്യ സംഘടനക്കും ലോക വ്യാപാര സംഘടനക്കും ആവശ്യമായ പിന്തുണ വര്‍ധിപ്പിക്കാനുള്ള നീക്കമാണ് മറ്റൊന്ന്. കോവിഡിന് ശേഷം വികസ്വര രാജ്യങ്ങളടക്കം നേരിട്ട പ്രതിസന്ധി മറികടക്കാന്‍ ഇരു സംഘടനയില്‍ നിന്നും സഹായം ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇരു സംഘടനകള്‍ക്കുമുള്ള സഹായം വര്‍ധിപ്പിച്ച് നല്‍കേണ്ടത് അനിവാര്യമാണെന്നാണ് ഉച്ചകോടിയില്‍ അവതരിപ്പിക്കുന്ന കരടിലെ മറ്റൊരു പ്രധാനപ്പെട്ട ഇനം. ഈ സംഘടനകള്‍ക്കും അമേരിക്കയുടെ നിലപാട് മൂലം സഹായങ്ങള്‍ കുറഞ്ഞിരുന്നു. ആവശ്യമായ ഫണ്ടില്ലാത്ത മൂലം ഈ സംഘടനകളില്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്ന ഒട്ടേറെ ചെറുകിട രാജ്യങ്ങള്‍ക്ക് ആശ്വാസം പകരുന്ന നിലപാടായിരിക്കും ഇക്കാര്യത്തില്‍ സഊദി അധ്യക്ഷതയിലുള്ള ജി 20 കൈക്കൊള്ളുക.

 

web desk 1: