X
    Categories: main stories

ഗള്‍ഫ് പ്രതിസന്ധിക്ക് വിരാമം; ജിസിസി ഉച്ചകോടിയില്‍ കരാര്‍ ഒപ്പിട്ടു

റിയാദ്: മൂന്നര വര്‍ഷത്തിലേറെയായി തുടരുന്ന ഖത്തര്‍ ഉപരോധം അവസാനിപ്പിച്ച് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) കരാറില്‍ സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ രാജ്യങ്ങള്‍ ഒപ്പുവച്ചു. സൗദിയിലെ പൈതൃക നഗരമായ അല്‍ ഉലയില്‍ ചേര്‍ന്ന ഉച്ചകോടിയിലാണ് ‘ഗള്‍ഫ് ഐക്യത്തിനും സ്ഥിരതയ്ക്കുമുള്ള’ കരാറായത്. പുനരൈക്യത്തെ വിവിധ രാജ്യങ്ങള്‍ സ്വാഗതം ചെയ്തു. സൗദിക്കു പിന്നാലെ, ഖത്തറിനു മുന്നില്‍ അതിര്‍ത്തി തുറന്ന ഈജിപ്തും ഉപരോധം ഉടന്‍ പിന്‍വലിക്കും.

ഗള്‍ഫ് ജനതയുടെ ആഗ്രഹം സഫലമാക്കുന്ന കരാറാണിതെന്നും മേഖലയിലെ വെല്ലുവിളികള്‍ നേരിടാന്‍ ഒന്നിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആവശ്യപ്പെട്ടു. ഇറാന്റെ ഭീകരവാദ പ്രവര്‍ത്തനത്തിനെതിരെ ഒറ്റക്കെട്ടായി നീങ്ങണമെന്നും ആഹ്വാനം ചെയ്തു. സുരക്ഷാഭീഷണിക്കെതിരെ രാജ്യാന്തര സമൂഹത്തിന്റെ പിന്തുണയും തേടി. ഗള്‍ഫ്, അറബ്, ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയ്ക്ക് അടിവരയിട്ട പ്രഖ്യാപനത്തില്‍ സാഹോദര്യം ശക്തിപ്പെടുത്തണമെന്നും പൊതുതാല്‍പര്യമുള്ള വിഷയങ്ങളില്‍ കൈകോര്‍ക്കണമെന്നും പറയുന്നു.

ഗള്‍ഫ് ഐക്യം ലക്ഷ്യമിട്ട് ഏറെ പ്രയത്‌നിച്ച കുവൈത്ത് മുന്‍ അമീര്‍ ഷെയ്ഖ് സബാഹിനെയും അന്തരിച്ച ഒമാന്‍ മുന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസിനെയും ഉച്ചകോടി അനുസ്മരിച്ചു. ഉച്ചകോടിക്കെത്തിയ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഉള്‍പ്പെടെയുള്ളവരെ മുഹമ്മദ് ബിന്‍ സല്‍മാനാണു സ്വീകരിച്ചത്. 2017 ജൂണ്‍ 5ന് ആരംഭിച്ച ഉപരോധത്തിനുശേഷം ആദ്യമായാണു ഖത്തര്‍ അമീര്‍ സൗദിയിലെത്തിയത്. ഉപരോധം പിന്‍വലിക്കുന്നതിനു മുന്നോടിയായി, കുവൈത്തിന്റെ മധ്യസ്ഥതയില്‍ തിങ്കളാഴ്ച രാത്രി തന്നെ സൗദി കര, നാവിക, വ്യോമ അതിര്‍ത്തി തുറന്നിരുന്നു. പുതിയ അധ്യായത്തിന് തുടക്കമിട്ടതായി യുഎഇ വിദേശകാര്യസഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാഷ് പ്രതികരിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: