അങ്കാറ: ഖത്തറുമായി ബന്ധപ്പെട്ട അറബ് നയതന്ത്ര പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ രണ്ടു ദിവസത്തെ ഗള്‍ഫ് പര്യടനം തുടങ്ങി. സഊദി അറേബ്യയിലെ ജിദ്ദയിലെത്തിയ അദ്ദേഹം സല്‍മാന്‍ രാജാവുമായും കിരീടാവകാശി മുഹമ്മദ് രാജകുമാരനുമായും കൂടിക്കാഴ്ച നടത്തും. ഗള്‍ഫ് പ്രതിസന്ധിയില്‍ മുഖ്യ മധ്യസ്ഥത വഹിക്കുന്ന രാജ്യമെന്ന നിലക്ക് കുവൈത്ത് സന്ദര്‍ശിച്ച ശേഷം ഖത്തറിലേക്ക് പോകും. സഹോദര രാഷ്ട്രങ്ങള്‍ക്കിടയിലെ തര്‍ക്കത്തിന് പരിഹാരമാകുന്നതുവരെ പ്രവര്‍ത്തിക്കുമെന്ന് വെള്ളിയാഴ്ച ജുമുഅക്ക് ശേഷം ഉര്‍ദുഗാന്‍ പറഞ്ഞിരുന്നു. സഊദി, യു.എ.ഇ., ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ തുര്‍ക്കിയുമായുള്ള ബന്ധങ്ങള്‍ വിച്ഛേദിച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. കര,നാവിക,വ്യോമ ഉപരോധത്തെ തുടര്‍ന്ന് ഒറ്റപ്പെട്ട ഖത്തറിനു പിന്നില്‍ തുടക്കം മുതല്‍ തുര്‍ക്കി ഉറച്ചുനില്‍ക്കുന്നുണ്ട്. തുര്‍ക്കിയില്‍ ഖത്തര്‍ പുതുതായി തുറന്ന വ്യോമതാവളം അടക്കണമെന്നതുള്‍പ്പെടെ 13 ആവശ്യങ്ങളാണ് ഉപരോധം പിന്‍വലിക്കുന്നതിന് മൂന്ന് ഗള്‍ഫ് രാജ്യങ്ങളും ഉപാധിവെച്ചിരിക്കുന്നത്. ആ ആവശ്യങ്ങള്‍ നിയമവിരുദ്ധമാണെന്ന് ഉര്‍ദുഗാന്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിസന്ധി പരിഹരിക്കുന്നതിന് പരമാധികാരത്തെ മാനിച്ചുകൊണ്ടുള്ള ഏത് ചര്‍ച്ചക്കും സന്നദ്ധമാണെന്ന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി വ്യക്തമാക്കിയിരുന്നു.
ഗള്‍ഫ് പ്രതിസന്ധി: ഉര്‍ദുഗാന്‍ സഊദിയില്‍
Tags: erdoganGulf crisis