നോട്ട് പിന്‍വലിക്കല്‍ കാരണം ജനങ്ങള്‍ക്കിടയിലുണ്ടായ രോഷം തണുപ്പിക്കാന്‍ പലവഴികള്‍ തേടുകയാണ് കേന്ദ്ര സര്‍ക്കാറും ബി.ജെ.പിയും. നോട്ട് മാറാനുള്ള ഫോം പൂരിപ്പിച്ച് നല്‍കിയും കുടിവെള്ളം വിതരണം ചെയ്തും കള്ളപ്പണം തിരിച്ചുപിടിക്കുന്നതിനെപ്പറ്റിയുള്ള വാഗ്ദാനങ്ങള്‍ നല്‍കിയും ബി.ജെ.പി പ്രവര്‍ത്തകര്‍ സജീവമാണെങ്കിലും ജനങ്ങള്‍ ഇതൊന്നും സ്വീകരിച്ച മട്ടില്ല. ‘രണ്ടു ദിവസത്തെ ബുദ്ധിമുട്ട്’ എന്ന പേരില്‍ തുടങ്ങിയ പരീക്ഷണം ഒമ്പതാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ രാജ്യവ്യാപകമായി ബി.ജെ.പിക്കും നരേന്ദ്ര മോദി സര്‍ക്കാറിനുമെതിരായ ജനരോഷം തിളച്ചു മറിയുകയാണ്.
നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തില്‍ ജനരോഷം അതിശക്തമാണ്. ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷായ്ക്ക് സ്വന്തം മണ്ഡലമായ അഹ്മദാബാദില്‍ സുരക്ഷാ അകമ്പടിയില്ലാതെ ഇറങ്ങി നടക്കാന്‍ ധൈര്യമുണ്ടോ എന്ന ഒരു സാധാരണക്കാരന്റെ ചോദ്യം ട്വിറ്ററില്‍ വൈറലായിരുന്നു. അതിനിടെ, ബി.ജെ.പി പ്രവര്‍ത്തകരുടെ കുടിവെള്ള വിതരണം ക്യൂ നില്‍ക്കുന്ന വനിതകള്‍ ബഹിഷ്‌കരിക്കുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ തരംഗമാവുകയാണ്.
ബി.ജെ.പിയുടെ ചിഹ്നമായ താമര ഷര്‍ട്ടില്‍ കുത്തിവെച്ച് കുടിവെള്ളം വിതരണം ചെയ്യുന്ന പ്രവര്‍ത്തകനില്‍ നിന്ന് സ്വീകരിക്കാന്‍ വരിനില്‍ക്കുന്ന വനിതകള്‍ തയാറാവുന്നില്ല. ‘ഭജാപ് നു പാനി നതി പീവു’ (ബി.ജെ.പിയുടെ വെള്ളം കുടിക്കില്ല) എന്നാണ് പൊരിവെയിലത്ത് നില്‍ക്കുന്ന വനിതകളുടെ രൂക്ഷമായ പ്രതികരണം.