ഗുജറാത്തിലെ രാജ്കോട്ടിലും വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നു. കനത്തമഴയിലാണ് വിമാനത്താവളത്തിന്റെ മേൽക്കുരക്ക് തകർച്ചയുണ്ടായത്. ആർക്കും പരിക്കേറ്റതായി വിവരമില്ല. ടെർമിനൽ ബിൽഡിങ്ങിന് പുറത്ത് ആളുകളെ കയറ്റാനും ഇറക്കാനുമുള്ള സ്ഥലത്തെ മേൽക്കൂരയാണ് തകർന്നത്.
കനത്തമഴയിൽ ഡൽഹി വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്ന് വീണ് ഒരാൾ മരിച്ചിരുന്നു. ടെർമിനൽ ഒന്നിന്റെ മേൽക്കൂരയാണ് ഭാഗികമായി തകർന്നത്. വെള്ളിയാഴ്ച പുലർച്ചെയുണ്ടായ അതിശക്തമായ മഴയിലാണ് അപകടമുണ്ടായത്. സംഭവത്തിൽ പരിക്കേറ്റ 4 പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
മധ്യപ്രദേശിലെ ജബൽപൂരിലും വിമാനത്താവളത്തിന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു വീണിരുന്നു. അപകടത്തിൽ നിന്നും തലനാരിഴക്കാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെട്ടത്. ആദ്യ മഴയിൽ തന്നെ വെള്ളം കുത്തിയൊലിച്ച് എത്തിയതോടെ വിമാനത്താവളത്തിന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകരുകയായിരുന്നുവെന്ന് എയർപോർട്ട് ഡയറക്ടർ അറിയിച്ചു.
വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെയാണ് വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നത്. പുതിയ ടെർമിനൽ ബിൽഡിങ്ങിന് മുമ്പിലുള്ള മേൽക്കൂരയാണ് കഴിഞ്ഞ ദിവസം തകർന്നതെന്ന് എയർപോർട്ട് ഡയറക്ടർ രാജീവ് രത്തൻ പാണ്ഡേ്യ അറിയിച്ചു. പെട്ടെന്ന് ശക്തിയായി വെള്ളമെത്തിയതാണ് മേൽക്കൂര തകരാനുള്ള കാരണമെന്നും അദ്ദേഹം പറഞ്ഞു. മേൽക്കൂരക്ക് അടിയിലുണ്ടായിരുന്ന കാറിന് സാരമായ കേടുപാട് സംഭവിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.