അഹമ്മദാബാദ്: ആറാം വട്ടവും അധികാരം നിലനിര്‍ത്തിയെങ്കിലും സംസ്ഥാന നിയമസഭയില്‍ നിന്ന് രണ്ടു രാജ്യസഭാ സീറ്റുകള്‍ ബി.ജെ.പിക്ക് നഷ്ടമാകും. കോണ്‍ഗ്രസ് 80 സീറ്റില്‍ ജയിച്ചതും ബി.ജെ.പി 99 ലേക്ക് ചുരുങ്ങിയതുമാണ് ഭരണകക്ഷിക്ക് തിരിച്ചടിയാകുക. ബി.ജെ.പിയുടെ നാല് രാജ്യസഭാ എം.പിമാരുടെ കാലാവധി അടുത്ത വര്‍ഷം ഏപ്രിലില്‍ അവസാനിക്കുകയാണ്.
14 സംസ്ഥാനങ്ങളില്‍ നിന്നുള്ള രാജ്യസഭാ സീറ്റുകളിലേക്ക് മാര്‍ച്ചില്‍ തന്നെ തെരഞ്ഞെടുപ്പ് നടക്കും. ധനമന്ത്രി അരുണ്‍ ജെയ്റ്റിലി, പരഷോത്തം രൂപാല, മന്‍സുഖ് എന്‍ മന്ദാരവിയ ശങ്കര്‍ഭായ് വെഗാഡ് എന്നിവരുടെ കാലാവധിയാണ് മാര്‍ച്ചില്‍ അവസാനിക്കുന്നത്. നിലവില്‍ സംസ്ഥാനത്തെ 11 രാജ്യസഭാ സീറ്റില്‍ ഒമ്പതും ബി.ജെ.പിയുടെ കൈവശമാണ് ഉള്ളത്. നേരത്തെ, 150 സീറ്റ് നേടി പത്തു സീറ്റും കൈവശപ്പെടുത്തുക എന്നതായിരുന്നു ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ തന്ത്രം.
അതേസമയം, യു.പി, മഹാരാഷ്ട്ര, മധ്യപ്രദേശ് തെരഞ്ഞെടുപ്പുകളില്‍ നേടിയ മികച്ച വിജയത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യസഭയില്‍ ബി.ജെ.പിയുടെ പ്രാതിനിധ്യം വര്‍ധിക്കും. യു.പിയില്‍ ഒമ്പതും മഹാരാഷ്ട്രയില്‍ ആറും മധ്യപ്രദേശില്‍ അഞ്ചും സീറ്റുകള്‍ ബി.ജെ.പിക്ക് അധികമായി ലഭിക്കും. രാജസ്ഥാനില്‍ നിന്ന് മൂന്നു സീറ്റുമുണ്ടാകും. നിലവില്‍ 245 അംഗ സഭയില്‍ 76 അംഗങ്ങളാണ് ബി.ജെ.പിക്കുള്ളത്. പുതിയ അംഗങ്ങള്‍ കൂടിയെത്തുന്നതോടെ ബി.ജെ.പിയുടെ അംഗ സംഖ്യ 86 ലെത്തും.