സൂറത്ത്: അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്ത അയല്‍വാസിയായ 19കാരനെ പെണ്‍കുട്ടിയുടെ പിതാവ് തല്ലിക്കൊന്നു. യുവാവിന്റെ ജനനേന്ദ്രിയം ഇടിച്ചു തകര്‍ത്ത ശേഷമാണ് പിതാവ് ഇയാളെ വകവരുത്തിയത്. ബറൂച്ച് ജില്ലയിലെ അങ്ക്ലേശ്വര്‍ നഗരത്തിനു സമീപത്തെ ഗ്രാമത്തിലാണ് സംഭവം. വെള്ളിയാഴ്ച വൈകീട്ട് ബൊര്‍ബട്ട ഗ്രാമത്തിലെ വീടിന് പുറത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന അഞ്ചു വയസുകാരിക്ക് ചോക്ലേറ്റ് വാങ്ങി നല്‍കി അയല്‍വാസിയായ ലാലു രാജു സമീപത്തെ പൊതു ശൗചാലയത്തില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
പെണ്‍കുട്ടി ശൗചാലയത്തില്‍നിന്ന് കരഞ്ഞുകൊണ്ട് പുറത്തേക്കോടുന്നത് ശ്രദ്ധയില്‍പെട്ട രാജുവിന്റെ അമ്മ ബാലികയെ തടഞ്ഞുനിര്‍ത്തുകയും കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. തുടര്‍ന്ന് അമ്മ കുട്ടിയെ പരിശോധിച്ചപ്പോള്‍ സ്വകാര്യഭാഗത്ത് മുറിവും രക്തസ്രാവവും കണ്ടെത്തുകയും ചെയ്തു. ഇതിനിടെ, ടോയ്ലറ്റ് ബ്ലോക്കില്‍ നിന്ന് പുറത്തിറങ്ങിയ രാജുവിനെ അമ്മ തടയുകയും പെണ്‍കുട്ടിയുടെ അച്ഛന്റെ അടുത്തേക്ക് കൊണ്ടുപോയി ക്ഷമാപണം നടത്തിക്കുകയും ചെയ്തു.
എന്നാല്‍, സംഭവമറിഞ്ഞ പെണ്‍കുട്ടിയുടെ പിതാവ് രാജുവിനെ മര്‍ദിക്കുകയും ജനനേന്ദ്രിയം ഇടിച്ചുതകര്‍ക്കുകയും ചെയ്തു. അബോധാവസ്ഥയിലായ യുവാവിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും പിറ്റേദിവസം മരണത്തിന് കീഴടങ്ങി. കേസിലെ പ്രതി ശനിയാഴ്ച മരിച്ചെന്നും സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.