അഹമ്മദാബാദ്: ചരക്ക് സേവന നികുതിയില്‍ ഘടനാ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാവണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. വടക്കന്‍ ഗുജറാത്തില്‍ മൂന്നു ദിവസത്തെ നവസര്‍ജന്‍ യാത്രക്കു തുടക്കമിട്ടു കൊണ്ട് ഗാന്ധിനഗറിലെ ചിലോഡയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി സര്‍ക്കാര്‍ പല ഉല്‍പന്നങ്ങളുടേയും നികുതി 28 ശതമാനത്തില്‍ നിന്നും 18 ശതമാനമാക്കിയത് കോണ്‍ഗ്രസിന്റേയും രാജ്യത്തെ പൗരന്‍മാരുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നിലവിലെ നികുതി തോതിലും തങ്ങള്‍ സംതൃപ്തരല്ലെന്നും ഇനിയും അമിത ജി.എസ്.ടി നിരക്കുകള്‍ക്കെതിരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്ക് അഞ്ച് നികുതി നിരക്കുകളല്ല വേണ്ടത് പകരം ഒരു നികുതി നിരക്കാണെന്നും രാഹുല്‍ പറഞ്ഞു.
അതിനാല്‍ തന്നെ ഘടനാ പരമായ മാറ്റം വരുത്തേണ്ടതുണ്ട്. അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരികയാണെങ്കില്‍ ജിഎസ്ടിയില്‍ സമൂലമാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. ജിഎസ്ടി എന്താണെന്ന് അറിയാതെയാണ് ബിജെപി സര്‍ക്കാര്‍ അത് നടപ്പിലാക്കിയിരിക്കുന്നത്, രാഹുല്‍ പറഞ്ഞു. ഇപ്പോഴത്തേ ജിഎസ്ടി ബിജെപി പതിപ്പാണ്. ശരിയായ ജിഎസ്ടി സമ്പ്രദായമാണ് ഇന്ത്യയില്‍ നടപ്പാക്കേണ്ടത്. സുതാര്യമായ നികുതി വ്യവസ്ഥകളെ ബിജെപി സങ്കീര്‍ണ്ണമാക്കിയിരിക്കുകയാണ് രാഹുല്‍ കൂട്ടിച്ചേര്‍ത്തു. നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് കൂടുതല്‍ വനിതകള്‍ക്ക് അവസരം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ആറ് ജില്ലകളിലെ 19 മണ്ഡലങ്ങളിലാണ് മൂന്നു ദിവസം രാഹുലിന്റെ പര്യടനം.
32 മണ്ഡലങ്ങളാണ് വടക്കന്‍ ഗുജറാത്തിലുള്ളത്. ഇതില്‍ 18 ഇടത്തും കഴിഞ്ഞ തവണ കോണ്‍ഗ്രസ് വിജയിച്ചതാണ്. ഇതു നാലാം തവണയാണ് ഗുജറാത്തില്‍ രാഹുല്‍ പര്യടനത്തിനെത്തുന്നത്. സ്ത്രീകള്‍, ഗ്രാമീണര്‍, വ്യാപാരി-വ്യവസായികള്‍ എന്നിവരുമായി രാഹുല്‍ പ്രത്യേകം കൂടിക്കാഴ്ച നടത്തുന്നുണ്ട്.പട്ടീദാര്‍, ഒ.ബി.സി വിഭാഗക്കാര്‍ക്ക് നിര്‍ണായക സ്വാധീനമുള്ള സബര്‍കന്ദ, ആരവല്ലി, ബനസ്‌കന്ദ, പട്ടാന്‍, മെഹ്്‌സാന ജില്ലകളിലാണ് രാഹുല്‍ പര്യടനം നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന്റേയും നാട്ടിലൂടെയുള്ള രാഹുലിന്റെ പര്യടനത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വലിയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.